Latest News

സംസ്ഥാനത്ത് കൂടുതല്‍ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിററ്യൂട്ടുകള്‍ ആരംഭിക്കും : മന്ത്രി കടകംപളളി സുരേന്ദ്രന്‍

ഉദുമ: സംസ്ഥാനത്ത് ആദ്യ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ച് 50 വര്‍ഷം പിന്നിടുന്ന വേളയില്‍ നിലവിലുളള 12 ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്ക് പുറമെ നാലെണ്ണംകൂടി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ടൂറിസം, സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.[www.malabarflash.com] 

ഉദുമ നാലാംവാതുക്കലില്‍ ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് കെട്ടിടോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. 

മികച്ച തൊഴില്‍ സംരംഭം എന്ന നിലയില്‍ ഇതുപോലുളള കൂടുതല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കേണ്ടതാണ്. എന്നാല്‍ സ്ഥലദൗര്‍ലഭ്യമാണ് പ്രധാന തടസ്സം. സൗജന്യമായി സ്ഥലം നല്‍കാന്‍ തയ്യാറായാല്‍ കൂടുതല്‍ കൂടുതല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ പല കെട്ടിടങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുന്നത് ശരിയല്ലാത്ത പ്രവണതയാണ്. 

നിര്‍മ്മാണം ആരംഭിച്ചിട്ടും ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും പൂര്‍ത്തിയാകാത്ത കെട്ടിടങ്ങളുണ്ട്. ടൂറിസം വകുപ്പ് ഈ നില വെച്ചുപൊറുപ്പിക്കില്ല. സര്‍ക്കാര്‍ ഏജന്‍സികളായി പ്രവര്‍ത്തിക്കുന്നവര്‍ ഏറ്റെടുത്ത ഉത്തരവാദിത്വം നിര്‍വ്വഹിക്കണം. വീഴ്ച വരുത്തുന്നവരെ ടൂറിസം വകുപ്പ് ഒഴിവാക്കും. 

2011 ല്‍ ആരംഭിച്ച ഉദുമ ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ആറ് വര്‍ഷം എടുത്തു എന്നുളളത് ഒരിക്കലും ക്ഷമിക്കാന്‍ പാടില്ലാത്ത കുറ്റമാണെന്ന് മന്ത്രി പറഞ്ഞു. 

വടക്കെ മലബാറില്‍ ടൂറിസം പടര്‍ന്നുപന്തലിക്കുന്ന സാഹചര്യത്തില്‍ എട്ട്‌നദികളെ ബന്ധിപ്പിച്ച് 300 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കേന്ദ്രത്തിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കയാണ്. ഉത്തരവാദിത്വ ടൂറിസവും സര്‍ക്കാര്‍ മേന്മയേടെ നടപ്പിലാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 

ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന് 30 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ കല്ലട്ര മാഹിന്‍ ഹാജിയോടുളള ആദരസൂചകമായി മകന്‍ കല്ലട്ര അബാദുള്‍ റഹ്മാനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. മാഹിന്‍ ഹാജിയുടെ സേവനം മഹത്തരമാണെന്നും മന്ത്രി പറഞ്ഞു. 

ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. എം രാജഗോപാലന്‍ എം എല്‍ എ, മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍ മുഖ്യാതിഥികളായി. ടൂറിസം ജോയിന്റ് ഡയറക്ടര്‍ സി എന്‍ അനിതകുമാരി സ്വാഗതവും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം രഘുദാസന്‍ നന്ദിയും പറഞ്ഞു. 

ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ഗൗര് , ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എം മുഹമ്മദലി വാര്‍ഡ് മെമ്പര്‍ ഹമീദ് മാങ്ങാട് ബി ആര്‍ ഡി സി മാനേജിംഗ് ഡയറക്ടര്‍ ടി കെ മന്‍സൂര്‍ പ്രസംഗിച്ചു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.