Latest News

മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡിന് എം. എ യൂസുഫ് അലി ശിലയിട്ടു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി ഭിന്നശേഷിയുള്ളവര്‍ക്കായി ആരംഭിക്കുന്ന ഏബ്ള്‍ വേള്‍ഡിന്റ ശിലാസ്ഥാപനം ലുലു ഗ്രൂപ്പ് മേധാവി പത്മശ്രീ എം എ യൂസുഫ് അലി നിര്‍വ്വഹിച്ചു. ചടങ്ങ് സമസ്ത സെക്രട്ടറി പൊന്മള അബ്ദുന്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.[www.malabarflash.com]

ഭിന്നശേഷിയുള്ളവരെയും പ്രത്യേകമായ പരിഗണന അര്‍ഹിക്കുന്നവരെയും സമൂഹ പൂരോഗതിയുടെ ഒപ്പം നടത്താനുള്ള ശ്രമങ്ങള്‍ ഓരോരുത്തരുടെയും ബാധ്യതയാണ്. അത് നമ്മുടെ ഔദാര്യമല്ല, കടമയും അവരുടെ അവകാശവുമാണെന്നും യൂസുഫ് അലി അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ നിലനില്‍ക്കുന്ന സാഹോദര്യവും പാരസ്പര്യവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും ചിലരുടെ ദുശ്‌ചെയ്തികളില്‍ തെറ്റിദ്ധരിക്കപ്പെട്ട ഇസ്‌ലാമിനെ ശരിയായി പരിചയപ്പെടുത്തേണ്ട കാര്യത്തിനുമാണ് ഇക്കാലത്ത് നാം പ്രാധാന്യം നല്‍കേണ്ടിതെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കുള്ള വാഹന ലൈസന്‍സ് വിതരണോദ്ഘാടനം അദ്ദേഹം നിര്‍വ്വഹിച്ചു.

ചടുലമായ കര്‍മങ്ങളില്‍ പുതുയുഗം സൃഷ്ടിക്കുന്ന മഹത്തായ ദൗത്യമാണ് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ മഅ്ദിന്‍ അക്കാദമി നിര്‍വ്വഹിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏറ്റവും നവീനമായ വിദ്യാഭ്യാസാവസരങ്ങള്‍ ഒരുക്കുന്നതിലും കാരുണ്യ സംരംഭങ്ങള്‍ നടപ്പാക്കുന്നതിലും മഅ്ദിന്‍ കാണിക്കുന്ന ശ്രദ്ധയും ജാഗ്രതയും ആരെയും അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഭിന്ന ശേഷിക്കാര്‍ക്കായുള്ളറോഡ് സേഫ്റ്റി ബോധവല്‍ക്കരണത്തിന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ് നേതൃത്വം നല്‍കി. ഭിന്നശേഷിക്കാര്‍ക്കായുള്ള വാഹനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുടെ വിതരണം, മഅ്ദിന്‍ സ്ഥാപനങ്ങളില്‍ നടപ്പിലാക്കുന്ന എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് ഉദ്ഘാടനം, അവാര്‍ഡ് ദാനം എന്നിവയും ചടങ്ങില്‍ നടന്നു.

ഡോ. ബ്രിയാന്‍ ആഡംസ് (ഗ്രിഫിത് യൂണിവേഴ്‌സിറ്റി, ആസ്‌ട്രേലിയ), ഡോ. മുഹമ്മദ് അലി സിബ്‌റാം മലിസി (ഇയയ്ന്‍ യൂണിവേഴ്‌സിറ്റി, ഇന്തോനേഷ്യ), ഡോ. കെ കെ എന്‍ കുറുപ്പ് (മുന്‍ വൈസ് ചാന്‍സ്‌ലര്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി), ഫ്‌ളോറ ഹസ്സന്‍ ഹാജി, അബ്ദുല്‍ സുബൈര്‍. എം.വി(മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍), പി കെ എസ് തങ്ങള്‍ തലപ്പാറ, ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ്, ബനിയാസ് അബ്ദുറഹ്മാന്‍ ഹാജി കുറ്റൂര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബൂബക്കര്‍ ഹാജി മംഗലാപുരം, ഡോ. മുഹമ്മദ് ഖാസിം ദുബൈ, ഷെയ്ഖ് ശംസുദ്ധീന്‍ ഹൈദരാബാദ്, ഹൈക്ക ഹൈദര്‍ ഹാജി, സീനത്ത് റഷീദ് ഹാജി, എം. കെ ഹനീഫ ഹാജി ബാംഗ്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വീല്‍ ചെയര്‍ ഉപയോഗിക്കുന്നവര്‍, നട്ടെല്ലിനു ക്ഷതം പറ്റി ശയ്യാവലംബികളായവര്‍, ഓട്ടിസം ബാധിച്ചവര്‍, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയവരെ സമൂഹ മുഖ്യധാരയിലെത്തിക്കുന്നതിനായി മഅ്ദിന്‍ അക്കാദമി ആരംഭിക്കുന്ന പുതിയ പദ്ധതിയാണ് ഏബ്ള്‍ വേള്‍ഡ്. 

 ഭിന്നശേഷിക്കാരുടെ പുനരധിവാസം, ഡേകെയര്‍, തൊഴില്‍ പരിശീലനം, ഫാമിലി എംപവര്‍മെന്റ്, കൗണ്‍സലിംഗ് തുടങ്ങി വിവിധ സംരംഭങ്ങളാണ് ഈ കാമ്പസിന് കീഴില്‍ ഒരുക്കുന്നത്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.