Latest News

ദേശീയ ഭക്ഷ്യസുരക്ഷാനിയമം: അനര്‍ഹരെ പുറത്താക്കാന്‍ വൈദ്യുതിബില്ലും ശേഖരിക്കുന്നു

കാസര്‍കോട്: ദേശീയ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതിനുള്ള പട്ടികയില്‍ കയറിക്കൂടിയ അനര്‍ഹരെ കണ്ടെത്താന്‍ ഭക്ഷ്യവിതരണ വകുപ്പ് വൈദ്യുതിവകുപ്പിന്റെ സഹായം തേടുന്നു.[www.malabarflash.com]

1500 രൂപയിലധികം ബില്‍ വരുന്നവരെ കണ്ടെത്തി റേഷന്‍കാര്‍ഡ് പരിശോധിക്കാനാണ് പദ്ധതി. ഇത്തരത്തില്‍ വൈദ്യുതിനിരക്ക് അടയ്ക്കുന്നവരെ കണ്ടെത്തി സിവില്‍ സപ്ലൈസ് ജീവനക്കാര്‍ റേഷന്‍കാര്‍ഡ് പരിശോധിക്കും.

നാലുചക്രവാഹനം ഉള്ളവരുടെ പേരുവിവരവും ഭക്ഷ്യവിതരണവകുപ്പ് ശേഖരിക്കുന്നുണ്ട്. ഇത്തരക്കാരുടെയും റേഷന്‍ കാര്‍ഡ് പരിശോധിക്കും.

ഭാവിയില്‍ വാഹന രജിസ്‌ട്രേഷന് റേഷന്‍കാര്‍ഡ് നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ ആലോചനയുണ്ട്. ഇതനുസരിച്ച് കാര്‍ഡിലെ കുടുംബാംഗങ്ങളില്‍ ആരുടെയെങ്കിലും പേരില്‍ നാലുചക്രവാഹനം ഉണ്ടെങ്കില്‍ പിടിവീഴും.

അടുത്തമാസത്തെ ശമ്പളം വാങ്ങുന്നതിന് മുന്നോടിയായി റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് അതത് വകുപ്പ് മേലധികാരികള്‍ക്ക് സമര്‍പ്പിക്കണമെന്ന നിര്‍ദേശമുള്ളതിനാല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അനര്‍ഹര്‍ ഇപ്പോള്‍ സപ്ലൈ ഓഫീസുകളിലെത്തി കാര്‍ഡില്‍ പൊതുവിഭാഗം എന്ന മുദ്ര പതിപ്പിക്കുകയാണ്. സംസ്ഥാനത്തെ താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസുകളില്‍ ഇപ്പോള്‍ കാര്‍ഡ് മാറ്റാന്‍ എത്തുന്നവരുടെ തിരക്കാണ്.

പട്ടികയില്‍നിന്ന് അനര്‍ഹരെ ഒഴിവാക്കുന്നതിനുള്ള കര്‍ശനനടപടി തുടരണമെന്ന് അഭ്യര്‍ഥിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് സ്‌പെഷ്യല്‍ ഫുഡ് സെക്രട്ടറി മിനി ആന്റണി കത്തയച്ചു. തഹസില്‍ദാര്‍മാരുടെ സഹായത്തോടെ പ്രത്യേക സ്‌ക്വാഡ് ഉണ്ടാക്കി വരുംദിവസങ്ങളില്‍ ശക്തമായ പരിശോധനയുണ്ടാകുമെന്നാണ് സൂചന.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.