Latest News

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ ഒരാഴ്ചയ്ക്കകം പൂട്ടണമെന്ന് സര്‍ക്കാര്‍ ഉത്തരവ്‌

കോഴിക്കോട്: അംഗീകാരമില്ലാത്ത സംസ്ഥാനത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ഒരാഴ്ചയ്ക്കകം പൂട്ടണമെന്ന് വിവിധ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ഉപവിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവുനല്‍കി.[www.malabarflash.com] 

സ്‌കൂളുകള്‍ പൂട്ടി വിവരം ഓഫീസിനെ അറിയിക്കണം. ഏതെങ്കിലും തരത്തിലുള്ള അംഗീകാരമുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം അക്കാര്യം അറിയിക്കണമെന്നും ഉത്തരവിലുണ്ട്.

ഇത്തരം സ്‌കൂളുകളിലെ കുട്ടികളെ തൊട്ടടുത്ത പൊതുവിദ്യാലയത്തിലോ അംഗീകാരമുള്ള മറ്റ് സ്‌കൂളുകളിലോ ചേര്‍ക്കണം. കുട്ടികള്‍ക്കുണ്ടാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് അതത് മാനേജ്‌മെന്റുകള്‍ ഉത്തരവാദിയായിരിക്കും.

അംഗീകാരമില്ലാത്ത സ്‌കൂളുകളെക്കുറിച്ച് എവിടെയും വ്യക്തമായ കണക്കുകളില്ല. 1500 മുതല്‍ 2000 വരെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. 10 മുതല്‍ 600 കുട്ടികള്‍വരെ പഠിക്കുന്ന സ്ഥാപനങ്ങളാണ് പലതും. ഏഴാംക്ലാസുവരെ അംഗീകാരം വേണ്ടെന്ന പഴയ നിലവെച്ചാണ് പലരും സ്ഥാപനങ്ങള്‍ തുടങ്ങിയത്. ഉയര്‍ന്ന ഫീസും തലവരിയും ഈടാക്കുന്ന ഇത്തരം സ്ഥാപനങ്ങളില്‍ അടിസ്ഥാനസൗകര്യം തീരെയില്ലെന്ന ആക്ഷേപവുമുണ്ട്.

ഉത്തരവിനെതിരെ സ്റ്റേ ലഭിക്കാന്‍ പല മാനേജ്‌മെന്റുകളും കോടതിയിലേക്ക് നീങ്ങുകയാണ്. ചില സ്ഥാപനങ്ങള്‍ കോടതിയില്‍നിന്ന് നേരത്തെ സ്റ്റേ നേടിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്ര ഏജന്‍സികളുടെയോ അംഗീകാരമില്ലാതെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് വിദ്യാഭ്യാസ അവകാശനിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പൂട്ടുന്നതോടെ പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണംകൂടും. അധ്യാപക തസ്തികകളും കൂടും. സംരക്ഷിതാധ്യാപകര്‍ക്ക് ഈ തസ്തികകളില്‍ ചേരാന്‍ പറ്റും.

നന്നായി നടത്തുന്ന സ്‌കൂളുകള്‍ അംഗീകാരമില്ലാത്തതിന്റെപേരില്‍ പൂട്ടിക്കുന്നത് ആസൂത്രിത നീക്കമാണെന്ന് സ്വകാര്യ മാനേജ്‌മെന്റുകളുടെ സംഘടനാപ്രസിഡന്റ് രാമദാസ് കതിരൂര്‍ പറഞ്ഞു. എയ്ഡഡ് സ്‌കൂളുകളില്‍ തസ്തിക വര്‍ധിപ്പിച്ച് കോടികളുടെ കോഴവാങ്ങി അധ്യാപകനിയമനം നടത്താനുള്ള ഗൂഢനീക്കമാണ് ഇതിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.