Latest News

കമ്മ്യൂണിററി ഫ്രിഡ്ജ്; ഡോ. ഇസ ഫാത്തിമ ജാസ്മിന്‍ മാതൃകയാവുന്നു

ചെന്നൈ: ചെന്നൈയിലെ എല്ലിയറ്റ് ബീച്ചില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ഫ്രിഡ്ജില്‍ നിന്ന് വിശക്കുന്ന ആര്‍ക്കും ഭക്ഷണം എടുത്തുകഴിക്കാം. ആരോടും ചോദിക്കണ്ട, ആരും ഒന്നും പറയുകയുമില്ല. ഡോ. ഇസ ഫാത്തിമ ജാസ്മിന്‍ എന്ന ദന്ത ഡോക്ടറുടെ മനസ്സില്‍ ഉദിച്ച കമ്മ്യൂണിറ്റി ഫ്രിഡ്ജ് എന്ന ആശയമാണ് ദിനംപ്രതി നിരവധി അശരണര്‍ക്ക് പശിയടക്കാന്‍ സൗകര്യമൊരുക്കുന്നത്.[www.malabarflash.com]

തിരക്കേറിയ ബീച്ചില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ഫ്രിഡ്ജില്‍ നിന്ന് ഭക്ഷണം എടുത്ത് കഴിക്കാന്‍ പാവപ്പെട്ട നിരവധി പേര്‍ ദിവസവും എത്തുന്നുണ്ട്. നാട്ടുകാരാണ് ഈ ഫ്രിഡ്ജില്‍ ഭക്ഷണം നിറയ്ക്കുന്നത്. തങ്ങള്‍ കഴിച്ച് മിച്ചം വരുന്ന ഭക്ഷണം അവര്‍ ഈ ഫ്രിഡ്ജില്‍ സൂക്ഷിക്കും. ചിലരാകട്ടെ ഹോട്ടലില്‍ നിന്നും വീട്ടില്‍ നിന്നും പ്രത്യേകം ഭക്ഷണം കൊണ്ടുവന്ന് ഫ്രിഡ്ജില്‍ വെക്കും. പഴവര്‍ഗങ്ങളും സ്‌നാക്‌സും ബിരിയാണി ഉള്‍പ്പെടെ ഭക്ഷണപഥാര്‍ഥങ്ങളും ഈ ഫ്രിഡ്ജില്‍ ഉണ്ടാകാറുണ്ട്. തെരുവുബാലന്‍മാര്‍ ഉള്‍പ്പെടെ ഏറെ പേര്‍ക്ക് ഫ്രിഡ്ജ് വലിയ അത്താണിയായി മാറുകയാണ്.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വസ്ത്രം, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ ഇത്തരത്തില്‍ വിതരണം ചെയ്യാനായി പ്രത്യേക ഷെല്‍ഫും ഫ്രിഡ്ജിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുണ്ട്. ആളുകള്‍ക്ക് ഈ ഷെല്‍ഫില്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ കൊണ്ടുപോയി വെക്കാം. ആവശ്യക്കാര്‍ക്ക് ആരെയും കാക്കാതെ അത് എടുക്കുകയും ചെയ്യാം.

ഭക്ഷണ വസ്തുക്കള്‍ നഷ്ടപ്പെടുത്തുന്നത് പാപമാണെന്ന ചിന്തയില്‍ നിന്നാണ് കമ്മ്യൂണിറ്റി ഫ്രിഡ്ജ് എന്ന ആശയത്തിലേക്ക് ഡോ. ഇസ എത്തുന്നത്. രാജ്യത്ത് 50 ശതമാനം ഭക്ഷ്യവസ്തുക്കളും പാഴായി പോകുകയാണെന്ന് അവര്‍ പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.