Latest News

എഴുത്തുകാർ കാലത്തിന്റെ വെല്ലുവിളി ഏറ്റെടുക്കണം: ഏ.പി അഹമ്മദ്

തൃക്കരിപ്പൂർ: കേരളത്തിലെ എഴുത്തുകാർ കാലത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാകണമെന്ന് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ഏ. പി. അഹമ്മദ് മലപ്പുറം പറഞ്ഞു.[www.malabarflash.com]

മലയാള സാഹിത്യത്തിൽ അമ്മായിത്തരത്തിന്റെ കാലം കഴിഞ്ഞുവെന്ന് സാഹിത്യകാരന്മാർ മനസിലാക്കണം. സമൂഹത്തിലെ ജീർണ്ണതകൾക്കെതിരെയും ഫാസിസ്റ്റ് പ്രവണതക്കെതിരെയും പ്രതികരിക്കുന്ന എഴുത്തുകാരാണ് രാജ്യത്തിന് ഇന്ന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

യുവകലാസാഹിതി കാസർകോട് ജില്ലാ പഠന ക്യാമ്പ്  ഇടയിലക്കാട് ബണ്ടിന് സമീപത്തെ കവ്വായി കായൽ തീരത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഗോവിന്ദ് പൻസാരെയെ പോലുള്ള സാംസ്ക്കാരിക പ്രവർത്തകരെയും എഴുത്തുകാരെയും ഫാസിസ്റ്റുകൾ കൊല ചെയ്യുമ്പോൾ പ്രതികരിക്കാത്ത സാഹിത്യകാരന്മാർ ഇവിടെയുണ്ട്. ബിംബങ്ങൾ എഴുന്നെള്ളിച്ചു നടക്കുന്ന കെട്ട സംസ്ക്കാരം ഒഴിവാക്കേണ്ടുന്ന കാലം കഴിഞ്ഞു. മാറ്റേണ്ടതിനെ മാറ്റുകയും മാറേണ്ടത് മാറുകയും ചെയ്യണം. ഭരണകൂടം സ്പോൺസർ ചെയ്യുന്ന സാംസ്ക്കാരിക ഫാസിസത്തിനെതിരെ ജാഗ്രത പാലിക്കണം. ഫാസിസ്റ്റ് സംസ്ക്കാരം ബോധപൂർവ്വം അടിച്ചേൽപ്പിക്കുന്ന പുതിയ കാലത്തിനൊപ്പം സഞ്ചരിക്കാൻ ആശയപരമായി ആയുധം അണിയിക്കണം. 

സാംസ്ക്കാരിക പ്രവർത്തകരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുന്ന രാഷ്ട്രീയ ഫാസിസം ജനാധിപത്യത്തിന് വലിയ വെല്ലുവിളിയാണ്. ജാതിരഹിതമായ, മതരഹിതമായ കേരളത്തെ കുറിച്ച് നാം ചിന്തിക്കണം. 1948 ൽ ഇ എം എസ് നിർവചിച്ച കേരളം കൈമോശം വന്നിരിക്കുന്നു. 

കേരളം ഇന്ന് മലയാളികളുടെ മാതൃഭൂമി അല്ലാതായി. ബംഗാളികളും ബീഹാറികളുമാണ് ഇവിടെ വാഴുന്നത്. അവരുണ്ടാക്കുന്ന തൊഴിൽ സംസ്‌കാരമാണ് നാട്ടിൻപുറങ്ങളിലെന്നും എ .പി.അഹമ്മദ് പറഞ്ഞു. 

ഉദ്‌ഘാടന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഉദിനൂർ സുകുമാരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇടയിലക്കാട് കാവിലെ കുരങ്ങന്മാരെ സംരക്ഷിച്ചുപോരുന്ന ചാലിൽ മണിക്കമ്മയെ ആദരിച്ചു. മറുപടി പ്രസംഗം നടത്തിയ മാണിക്കമ്മ തച്ചോളി ഒതേനന്റെ നാടൻപാട്ട് ആലപിച്ചു ക്യാംപിനെ സജീവമാക്കി. 

സംഘാടക സമിതി ജനറൽ കൺവീനർ കെ മധുസൂദനൻ സ്വാഗതം പറഞ്ഞു. തുടർന്ന് വിവിധ വിഷയങ്ങളിൽ ക്ലാസ് നടന്നു. അഡ്വ. രാധാകൃഷ്ണൻ പെരുമ്പള മോഡറേറ്ററായി. എ. പി. അഹമ്മദ് (പരിസ്ഥിതിയുടെ രാഷ്ട്രീയം), ഡോ. കെ പി വിപിൻചന്ദ്രൻ ( ഭക്ഷണത്തിന്റെ, വികസനത്തിന്റെ രാഷ്ട്രീയം), ജയൻ നീലേശ്വരം ( ഭാഷയുടെ രാഷ്ട്രീയം ) എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചയിൽ ഷാജഹാൻ തൃക്കരിപ്പൂർ, കെ ബാലകൃഷ്ണൻ, സനൽ ലാൽ, രാജേഷ് ബേന്നൂർ, രവീന്ദ്രൻ മാണിയാട്ട്, എം.ചന്ദ്രൻ, കെ മിഥുൻ, രോഹിണി മാണിയാട്ട് കെ സവിത എന്നിവർ പ്രസംഗിച്ചു. 

ഉച്ചക്ക് ശേഷം അഞ്ജലി രാജുവിന്റെ നാടൻപാട്ടോടെയാണ് ക്യാമ്പ് പരിപാടികൾ ആരംഭിച്ചത്. യുവകലാസാഹിതി യൂണിറ്റുകൾക്കുള്ള രൂപരേഖ സുനിൽകുമാർ മനിയേരി അവതരിപ്പിച്ചു. വൈകീട്ട് അഞ്ചു മണിയോടെ സമാപന സമ്മേളനം നടന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ക്യാമ്പിൽ പ്രതിനിധികൾ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.