Latest News

ബക്രീദിന്റെ ഭാഗമായി ഒട്ടകത്തെ ബലി നല്‍കുന്നത് നിരോധിച്ച് കൊണ്ട് ലക്നൗ ജില്ലാ ഭരണകൂടം ഉത്തരവിട്ടു

ലക്നൗ: ബക്രീദിന്റെ ഭാഗമായി ഒട്ടകത്തെ ബലി നല്‍കുന്നത് നിരോധിച്ച് കൊണ്ട് ലക്നൗ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ‘നിരോധിത മൃഗം’ എന്ന് പറഞ്ഞാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.[www.malabarflash.com]

ഉത്തര്‍പ്രദേശ് തലസ്ഥാനത്ത് ഒരൊറ്റ ഒട്ടകം പോലും വില്‍ക്കപ്പെടുകയോ ബലി നല്‍കപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ ഭരണാധികാരി കൗശല്‍ രാജ് ശര്‍മ്മ പോലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനും നിര്‍ദേശം നല്‍കി.

രാജസ്ഥാനില്‍ നിന്നും ഒട്ടകത്തെ കൊണ്ടുവരുന്നവരെ നിരീക്ഷിക്കണമെന്നും നഗരത്തില്‍ ഇവയെ വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഭരണകൂടം രഹസ്യാന്വേഷണ വിഭാഗത്തോട് ആവശ്യപ്പെട്ടു. ബക്രീദിന്റെ ഭാഗമായി ലക്നൗവില്‍ ഒട്ടകത്തെ ബലി നല്‍കുന്നതായി ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജില്ലാ ഭരണകൂടത്തിന്റെ രേഖകളിലും ഇതിന്റെ വിവരങ്ങളൊന്നും തന്നയില്ല. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ജില്ലയില്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഉത്തരവെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.

ബക്രീദിന്റെ ഭാഗമായി കിഴക്കന്‍ ഉത്തര്‍പ്രദേശിലേക്ക് രാജസ്ഥാനില്‍ നിന്നും ഒട്ടകങ്ങളെ വ്യാപകമായി കൊണ്ടുവരുന്നുണ്ട്. ലക്നൗവില്‍ ഒരൊറ്റ ഒട്ടകത്തെ പോലും വില്‍ക്കാന്‍ സമ്മതിക്കരുതെന്നും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പോലീസിന് കിട്ടി നിര്‍ദേശം.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.