Latest News

"കൊലയാളി' കേരളത്തിലും; പതിനാറുകാരനെ കൊലപ്പെടുത്തി ബ്ലൂ വെയ്ൽ

തിരുവനന്തപുരം: ലോകം ഭീതിയോടെ കണ്ട കൊലയാളി ഗെയിം ബ്ലൂ വെയ്ൽ കേരളത്തിലും എത്തിയെന്നതിന് തെളിവുകൾ പുറത്ത്. തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാർഥി മരിച്ചത് ബ്ലൂ വെയ്ൽ ഗെയിം കളിച്ചാണെന്ന് മാതാവ് തന്നെ വെളിപ്പെടുത്തി. വാർത്താ ചാനലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.[www.malabarflash.com]

കഴിഞ്ഞ ജൂലൈ 26-നാണ് പ്ലസ് വണ്‍ വിദ്യാർഥിയായ മനോജ് ജീവനൊടുക്കിയത്. ഒൻപത് മാസം മുൻപാണ് വിദ്യാർഥി ഫോണിൽ കൊലയാളി ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നത്. അതുവരെ എല്ലാവരോടും ഇടപെട്ടിരുന്ന വിദ്യാർഥി പിന്നീട് ഒറ്റയ്ക്ക് നടക്കാൻ തുടങ്ങി. അമ്മയോട് മാത്രമായി സംസാരം ഒതുങ്ങുകയായിരുന്നു. രാപകലുകൾ അവൻ കൊലയാളി ഗെയിമിന്‍റെ പിന്നാലെയായി.

ഗെയിമിലെ ടാസ്കുകൾ പൂർത്തിയാക്കാൻ വിദ്യാർഥി നിരവധി കാര്യങ്ങൾ ചെയ്തുവെന്നും വ്യക്തമായി. ഒറ്റയ്ക്ക് ഒരിടത്തും പോയിട്ടില്ലാത്ത വിദ്യാർഥി കൊലയാളി ഗെയിമിലെ ടാസ്കുകൾ പൂർത്തിയാക്കാൻ കടൽ കാണാനും കോട്ടയത്തേയ്ക്കും പോയി. നീന്തൽ അറിയില്ലാത്ത വിദ്യാർഥി പുഴയിൽ ചാടി. ഇതിന്‍റെ ദൃശ്യങ്ങൾ സുഹൃത്തുക്കളെക്കൊണ്ട് ഫോണിൽ പകർത്തി. കൈയിൽ ആയുധം ഉപയോഗിച്ച് മുറിവുണ്ടാക്കി. രാത്രികാലങ്ങളിൽ സെമിത്തേരിയിൽ പോയി. ഇത് എന്തിനാണെന്ന് ചോദിച്ചപ്പോൾ അവിടെ എന്ത് തരം എനർജിയാണെന്ന് മനസിലാക്കാനാണ് പോയതെന്നായിരുന്നു വിദ്യാർഥിയുടെ മറുപടി.

ഗെയിമിന്‍റെ അടിമയായി മാറിയ വിദ്യാർഥി കഴിഞ്ഞ നവംബറിൽ ആത്മഹത്യ സംബന്ധിച്ച കാര്യങ്ങൾ സംസാരിച്ചുവെന്ന് അമ്മ വെളിപ്പെടുത്തി. താൻ മരിച്ചാൽ വിഷമമാകുമോ എന്ന് വിദ്യാർഥി അമ്മയോട് ചോദിച്ചു. മരിച്ചുപോയാൽ തന്‍റെ സ്നേഹം കൂടി സഹോദരിക്ക് നൽകണമെന്നും മാതാവിനോട് പറഞ്ഞു. മകനെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ മാതാവ് ശ്രമിച്ചപ്പോഴെല്ലാം ഗെയിം ഉപേക്ഷിച്ചുവെന്നായിരുന്നു വിദ്യാർഥി പറഞ്ഞിരുന്നത്. എന്നാൽ ഗെയിമിന് അടിമയായി അവൻ സ്വയം മരണം വരിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. മൊബൈൽ ഫോണ്‍ പരിശോധിച്ചപ്പോൾ വിദ്യാർഥി ഗെയിം കളിച്ചിരുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. വിശദമായ പരിശോധനയ്ക്ക് ഫോണ്‍ സൈബർ പോലീസിന് കൈമാറി.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.