Latest News

സര്‍ക്കാരുമായി കൈകോര്‍ത്ത് ദുബൈ കെ.എം.സി.സി 14 കേന്ദ്രങ്ങള്‍ക്കുള്ള ഉപകരണ വിതരണം ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട 14 കേന്ദ്രങ്ങളില്‍ പശ്ചാത്തല സൗകര്യം ഒരുക്കുന്ന പദ്ധതിക്ക് ദുബൈ കെ.എം.സി.സിയുടെ ഭാഗത്തുനിന്നുള്ള സാമഗ്രികളുടെ വിതരണം സംബന്ധിച്ച രേഖകള്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പിച്ചു.[www.malabarflash.com]

ദുബൈ കെ.എം.സി.സി പ്രസിഡന്റ് അന്‍വര്‍ നഹയാണ് മുഖ്യമന്ത്രിക്ക് രേഖകള്‍ കൈമാറിയത്. സംസ്ഥാനത്തെ ഏഴു ജില്ലകളിലെ 14 പുനരധിവാസ കേന്ദ്രങ്ങളില്‍ പശ്ചാത്തല സൗകര്യം ഒരുക്കുന്ന പദ്ധതിയുടെ 50 ശതമാനമാണ് ദുബൈ കെ.എം.സി.സി വഹിക്കുന്നത്.

കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി ചേര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ പശ്ചാത്തല സൗകര്യം ഒരുക്കുന്ന പദ്ധതിക്ക് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സാമൂഹ്യനീതി മന്ത്രിയായിരുന്ന ഡോ.എം.കെ മുനീര്‍ മുന്‍കൈയെടുത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതും കെ.എം.സി.സി കരാറില്‍ ഏര്‍പെട്ടതും. സര്‍ക്കാരും കെ.എം.സി.സിയും 50:50 അനുപാതത്തില്‍ തുക വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന വികലാംഗ വനിതാസദനം, പുരുഷന്മാരുടെയും സ്ത്രീകളുടെയും ആശാ ഭവനുകള്‍, പ്രതീക്ഷ, പ്രത്യാശ ഭവനങ്ങള്‍, ഓള്‍ഡ് ഏജ് ഹോം, ആണ്‍കുട്ടികള്‍ക്കുള്ള ആഫ്റ്റര്‍ കെയര്‍ ഹോം എന്നീ സ്ഥാപനങ്ങള്‍ക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുക.

ആലുങ്ങല്‍ മുഹമ്മദ് നേതൃത്വം വഹിക്കുന്ന അല്‍ അബീര്‍ ഗ്രൂപ്പാണ് ദുബൈ കെ.എം.സി.സിക്കു വേണ്ടി സാമഗ്രികള്‍ നേരിട്ട് 14 കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ്, പാറയ്ക്കല്‍ അബ്ദുള്ള, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, അല്‍ അബീര്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അബ്ദുല്‍ സലാം, കെ.എം.സി.സി വൈസ് പ്രസിഡന്റ്മാരായ ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂര്‍, സെക്രട്ടറി ഇസ്മഈല്‍ അരൂക്കുറ്റി, മൈ ജോബ് കോര്‍ഡിനേറ്റര്‍ സിയാദ് കുന്നമംഗലം, കെ.പി.എ സലാം, ഇ. സാദിഖലി എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.