Latest News

ഡി വൈ എഫ് ഐ യുടെ യുവജന പ്രതിരോധ സംഗമം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെ അക്രമം; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

കാഞ്ഞങ്ങാട് : കോട്ടപ്പാറയില്‍ ഡി വൈ എഫ് ഐ സംഘടിപ്പിച്ച യുവജന പ്രതിരോധ സംഗമം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെ അക്രമം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ നെല്ലിത്തറ മാവുങ്കാല്‍ ഭാഗങ്ങളില്‍ വെച്ചാണ് അക്രമമുണ്ടായത്.[www.malabarflash.com]
യുവജന പ്രതിരോധ സംഗമത്തില്‍ പങ്കെടുത്ത് വാഹനങ്ങളില്‍ മടങ്ങുന്നതിനിടെ ബി ജെ പി – ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രകോപമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു.

ഇതേതുടര്‍ന്ന് മാവുങ്കാലില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോടെ ഇവരെ പിരിച്ചുവിടാന്‍ പോലീസ് 10 തവണ ഗ്രനേഡും, ടിയര്‍ ഗ്യാസും പ്രയോഗിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ദേശീയ പാത വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.

കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്‍, സി ഐ മധു എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ദേശീയ പാത വഴി ഗതാഗതം സ്തംഭിച്ചതോടെ ചാലിങ്കാല്‍ നിന്നും വെള്ളിക്കോത്ത് വഴി കാഞ്ഞങ്ങാട്ടേക്ക് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഒരു മണിക്കൂര്‍ നേരമാണ് ഗതാഗതം സ്തംഭിച്ചത്.

ദേശീയ പാത കാഞ്ഞങ്ങാട് സൗത്തില്‍ നിന്നും കെ എസ് ടി പി റോഡിലേക്കും വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. പോലീസ് ശക്തമായ നടപടിയെടുത്തതോടെ പിന്നീട് ദേശീയ പാതയിലെ ഗതാഗതം പൂര്‍വസ്ഥിതിയിലായി.

ഡി വൈ എഫ് ഐ  ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കോട്ടപ്പാറയില്‍ യുവജന പ്രതിരോധസംഗമം സംഘടിപ്പിച്ചത്. ആര്‍ എസ് എസ് ബി ജെ പി ശക്തികേന്ദ്രമായ ഇവിടെ ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന യുവജന പ്രതിരോധസംഗമത്തില്‍ സംഘര്‍ഷമുണ്ടാകുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ പോലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് മാവുങ്കാലിലാണ് രൂക്ഷമായ കല്ലേറും ആക്രമണവും നടന്നത്.

അതേസമയം പരിപാടിക്കെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അവരുടെ വാഹനങ്ങളില്‍ നിന്നും കരുതിവെച്ചിരുന്ന കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്നും പോലീസ് പക്ഷപാതപരമായി ബി ജെ പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നും ബി ജെ പി കേന്ദ്രങ്ങള്‍ ആരോപിച്ചു. കല്ലേറിലും ആക്രമണത്തിലും ആര്‍ എസ് എസ് കാര്യവാഹക് മീങ്ങോത്തെ ശ്രീജിത്ത് (32), പൂച്ചക്കാട്ടെ രാജന്‍ (37), പുതിയകണ്ടത്തെ പ്രസാദ് (40) എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാവുങ്കാല്‍ ടൗണിലും പരിസരങ്ങളിലും നിര്‍ത്തിയിട്ടിരുന്ന 25 ഓളം ബൈക്കുകളും കാറുകളും പോലീസ് തകര്‍ത്തതായി ബി ജെ പി ആരോപിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.