Latest News

മിനാ താഴ്‌വര ലബ്ബൈക്ക് മന്ത്രധ്വനികളാല്‍ മുഖരിതമായി; വ്യാഴാഴ്ച അറഫാ സംഗമം

മക്ക: ഇബ്‌റാഹിം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും ത്യാഗസ്മരണകള്‍ പുതുക്കി, നാഥന്റെ വിളിക്കുത്തരം നല്‍കി കൊണ്ട് ഹാജിമാര്‍ മിനായില്‍ എത്തിത്തുടങ്ങി.[www.malabarflash.com] 

ശുഭ്രവസ്ത്രധാരികളായ ഹാജിമാര്‍ മിനാ താഴ്‌വരയില്‍ എത്തിത്തുടങ്ങിയതോടെ മിനാ താഴ്‌വര ലബ്ബൈക്ക് മന്ത്രധ്വനികളാല്‍ മുഖരിതമായി. ജീവിതായുസ്സ് മുഴുവന്‍ മനസ്സില്‍ കൊണ്ടുനടന്ന ഹജ്ജ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള അവസരം ലഭിച്ച നിര്‍വൃതിയിലാണ് ഹാജിമാര്‍. ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ വന്ന ഹാജിമാര്‍ മിനായിലേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു.

കിംഗ് ഫൈസല്‍ റോഡിനും സൂഖുല്‍ അറബിനും ഇടയിലാണ് ഇന്ത്യന്‍ ഹാജിമാര്‍ക്ക് താമസം ഒരുക്കിയിട്ടുള്ളത്. ഓരോ തമ്പിലും നാല്‍പ്പത് വീതം ഹാജിമാര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവര്‍ രണ്ട് നാള്‍ മിനായില്‍ താമസിച്ച ശേഷം വ്യാഴാഴ്ച സുബ്ഹി നിസ്‌കാര ശേഷം അറഫയിലേക്കുള്ള യാത്ര ആരംഭിക്കും. ളുഹ്ര്‍ നിസ്‌കാരത്തോടെ അറഫാ സംഗമത്തിന് തുടക്കമാകും. മനംനൊന്ത്, ഉള്ളുരുകി പ്രാര്‍ഥനാ മനസ്സുമായി അറഫയില്‍ തങ്ങുന്ന തീര്‍ഥാടകര്‍ സൂര്യാസ്തമയത്തോടെ മുസ്ദലിഫയിലേക്ക് തിരിക്കും.

മുസ്ദലിഫയില്‍ മഗ്‌രിബും ഇശാഉം ഒരുമിച്ച് നിസ്‌കരിച്ച ശേഷം അര്‍ധരാത്രിയിലും പുലര്‍ച്ചെയുമായി ഹാജിമാര്‍ മിനായിലേക്ക് നീങ്ങും. മിനായിലെത്തി വെള്ളിയാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കും. ഹാജിമാര്‍ക്ക് ഭക്ഷണ വിതരണം ഹജ്ജ് മിഷന്‍ നേരിട്ട് നടത്തും. 

മിനയില്‍ നിന്നും അറഫ, മുസ്ദലിഫ തുടങ്ങിയ മശാ ഇറുകളിലേക്കും തിരിച്ചും സഞ്ചരിക്കാന്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴിലുള്ള 65,000 ഹാജിമാര്‍ക്ക് മശാ ഇര്‍ ട്രെയിന്‍ സൗകര്യം ലഭ്യമാകും. ശേഷിക്കുന്നവര്‍ക്ക് ബസ് സര്‍വീസും ലഭ്യമാക്കും. 

ഹാജിമാരെ സേവിക്കാനായി മിനയിലെ സൂഖുല്‍ അറബ് റോഡിലെ മക്തബ് 42ല്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫീസ് പരിപൂര്‍ണ സജ്ജമായി. ആംബുലന്‍സ്, ചികിത്സാ സൗകര്യം, വീല്‍ ചെയര്‍, ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ തുടങ്ങി ഹാജിമാരെ സേവിക്കാന്‍ മുഴുവന്‍ സന്നാഹങ്ങളും ഹജ്ജ് മിഷന്‍ ഓഫീസില്‍ ലഭ്യമാണ്.
ചൊവ്വാഴ്ച ഉച്ചയോടെ ഇന്ത്യന്‍ ഹാജിമാര്‍ മിനായിലേക്ക് പുറപ്പെട്ടിരുന്നു. ബുധനാഴ്ച സുബ്ഹിയോടെ മുഴുവന്‍ ഹാജിമാരും മിനായില്‍ എത്തിച്ചേരും. മിനായില്‍ ഇന്ത്യന്‍ ഹജ്ജ് മിഷനും പരിചാരകരും ഹാജിമാര്‍ക്ക് വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഹാജിമാര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അറഫയിലെ മസ്ജിദ് നമിറയില്‍ സുരക്ഷാ കണ്‍ട്രോള്‍ റൂം ഹജ്ജ് സുരക്ഷാ ചുമതലയുള്ള ലഫ്റ്റനന്റ് ജനറല്‍ സഈദ് ബിന്‍ അബ്ദുല്ല അല്‍ ഖഹ്താനി തുറന്നു. 

അറഫയിലെയും ജബലുര്‍റഹ്മയിലെയും സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ചു. മസ്ജിദ് നമിറയില്‍ അറഫാ ദിനത്തിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ ഇരുപത് മൊബൈല്‍ ക്യാമറകള്‍ ഉള്‍പ്പെടെ 72 അത്യാധുനിക സംവിധാനങ്ങളുള്ള ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

മിനായിലും അറഫയിലും 45 ഡിഗ്രിയിലേറെ താപനില അനുഭവപ്പെടുമെന്ന് സഊദി കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഹജ്ജിനിടെ സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സഊദി ആരോഗ്യ മന്ത്രാലയം തീര്‍ഥാടകരോട് അഭ്യര്‍ഥിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.