Latest News

ശൈഖ് സായിദിന്റെ പേരില്‍ ഒന്നര ലക്ഷം ഹാജിമാര്‍ക്ക് അന്നദാനം നടത്തും

അബുദാബി: യു എ ഇയുടെ രാഷ്ട്രപിതാവും പ്രഥമ പ്രസിഡന്റുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പേരില്‍ ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് അന്നദാനം നടത്തുമെന്ന് മതകാര്യവകുപ്പ്.[www.malabarflash.com]

അന്തരിച്ച ശൈഖ് സായിദിന്റെ പരലോക ഗുണം ലക്ഷ്യം വെച്ചാണ് അന്നദാനം നടത്തുന്നതെന്ന് മാതകാര്യവകുപ്പ് മേധാവിയും യു എ ഇ ഹജ്ജ് സംഘത്തിന്റെ നായകനുമായ ഡോ. മുഹമ്മദ് മതര്‍ അല്‍ കഅ്ബി അറിയിച്ചു.
യു എ ഇ ഹജ്ജ് കാര്യ ഓഫീസാണ് അന്നദാനത്തിന് നേതൃത്വംനല്‍കുക. ഈ വര്‍ഷത്തെ ഹജ്ജിനെത്തുന്ന വിശ്വാസികളില്‍ വിവിധ രാജ്യക്കാര്‍കിടയിലാണ് അന്നദാനം നടത്തുക. മദീനാ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കിടയിലും ഭക്ഷണപ്പൊതി വിതരണം ചെയ്യും. 

20,000 ഭക്ഷണപ്പൊതി മദീനയില്‍ വിതരണം ചെയ്തായിരിക്കും അന്നദാനത്തിന് തുടക്കം കുറിക്കുകയെന്നും മതര്‍ അല്‍ കഅ്ബി വ്യക്തമാക്കി.
ഹജ്ജിന്റെ മുഖ്യചടങ്ങും ഏറ്റവും പുണ്യമുള്ള കര്‍മവുമായ അറഫാ സംഗമത്തിനിടെ അമ്പതിനായിരം പേര്‍ക്ക് അന്നദാനം നടത്തും. മുപ്പതിനായിരം പേര്‍ക്ക് മുസ്ദലിഫയിലും ബാക്കിയുള്ളത് മിനായിലെ കല്ലേറ് കര്‍മം നടക്കുന്ന ദിവസങ്ങളില്‍ മിനായിലെ തമ്പുകളിലുമായിരിക്കും വിതരണം ചെയ്യുകയെന്നും അല്‍ കഅ്ബി വിശദീകരിച്ചു. 

നല്ല ഗുണനിലവാരമുള്ള ഭക്ഷണങ്ങളായിരിക്കും വിതരണം നടത്തുക. ഇതിനായി പ്രത്യേക കാറ്ററിംഗ് സ്ഥാപനവുമായി അധികൃതര്‍ കരാറിലെത്തിയിട്ടുണ്ട്.
ഏറ്റവും പുണ്യകര്‍മമെന്ന് പ്രവാചകര്‍ പഠിപ്പിച്ച അന്നദാനം നടത്തുന്നതിലൂടെ വലിയ പ്രതിഫലം രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പരലോക ജീവിതത്തിലേക്ക് ലഭ്യമാക്കുക ലക്ഷ്യംവെച്ചാണ് ഈ മഹദ് കര്‍മത്തിന് തയ്യാറായതെന്നും ഭക്ഷണം ലഭിക്കുന്നവരില്‍നിന്ന് രാഷ്ട്രപിതാവിനുവേണ്ടിയുള്ള പ്രാര്‍ഥനയാണ് പ്രതീക്ഷിക്കുന്നതെന്നും മതര്‍ അല്‍ കഅ്ബി അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.