ഉദുമ: പ്രോ കബഡി ലീഗ് മത്സരത്തില്‍ യു.പി. യോദയ്ക്കു വേണ്ടി ജഴ്‌സിയണിഞ്ഞ് ഉദുമ അച്ചേരി സ്വദേശി സാഗര്‍ ബി.കൃഷ്ണ ആരാധകരുടെ കൈയടി നേടുന്നു.[www.malabarflash.com]
കഴിഞ്ഞ ദിവസം ബംഗാള്‍ വാരിയേഴ്‌സിനെതിരേയുള്ള മത്സരത്തില്‍ മികച്ച ഡിഫന്‍ഡറായി ഈ ഇരുപത്തിയാറുകാരനെയാണ് തിരഞ്ഞെടുത്തത്. സമ്മാനമായി ഇരുചക്രവാഹനവും ലഭിച്ചു.
സാഗറിന്റെ പ്രകടനം ജന്മനാടായ ഉദുമയില്‍ ആവേശത്തിന്റെ അലയൊലി തീര്‍ത്തു. ബംഗാള്‍ വാരിയേഴ്‌സിനോടുള്ള കളി തോറ്റിട്ടും സാഗറിന്റെ പഴുതടച്ചുള്ള പ്രകടനമാണ് സമ്മാനത്തിന് അര്‍ഹമാക്കിയത്. ബാഗാളിന്റെ മികച്ച താരങ്ങളായ മനീന്ദ്രസിങ്, ജാന്‍കുന്‍ലി എന്നിവരെ സാഗറിന്റെ കരവലയംകൊണ്ട് കീഴ്‌പ്പെടുത്തിയത് നിര്‍ണായകമായി.
ഇടതുവശത്തായാണ് 12 ആം നമ്പര്‍ ജേഴ്‌സിയണിഞ്ഞ സാഗറിന്റെ കളിക്കളത്തിലെ സ്ഥാനം. എന്നാല്‍ സാഗര്‍ ടീമിനുവേണ്ടി കളംനിറഞ്ഞ് പോരാടി. പ്രഗത്ഭകളിക്കാരെക്കൊണ്ട് സമ്പന്നമായ ടീമിന് യു.പി.യോദയ്‌ക്കെതിരെ ഒരു ബോണസ് പോയിന്റുപോലും എടുക്കാന്‍ സാധിക്കാത്തത് ശ്രദ്ധേയമായിരുന്നു.
22 കളിയാണ് ഒരു ടീമിനുള്ളത്. നിലവില്‍ സാഗറിന്റെ യു.പി.യോദയ്ക്ക് 11 കളികള്‍ കഴിഞ്ഞ് ഗ്രൂപ്പ് ബിയില്‍ മുന്നിട്ടു നില്‍ക്കുന്നു. അര്‍ജുന അച്ചേരി ക്ലബ്ബ് അംഗമാണ് സാഗര്‍.
കോളേജ് തലത്തില്‍ യൂണിവേഴ്‌സിറ്റി, ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരങ്ങളില്‍ പങ്കെടുത്ത ഈ താരം ജൂനിയര്‍ കബഡിയില്‍ കാസര്‍കോടിന്റെയും സംസ്ഥാനത്തിന്റെയും ടീം ക്യാപ്റ്റനായിരുന്നു. നിലവില്‍ കേരള ടീം ക്യാപ്റ്റനാണ്.
ജപ്പാന്‍, യു.എ.ഇ.അടക്കമുള്ള നിരവധി വിദേശ മത്സരങ്ങളില്‍ സാഗര്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം പ്രോ കബഡിയില്‍ തെലുങ്കു ടൈറ്റന്‍സിനുവേണ്ടിയായിരുന്നു സാഗര്‍ ഇറങ്ങിയത്. കേരളത്തില്‍ നിന്ന് സാഗറിനെ കൂടാതെ ഷബീര്‍ ബാബു പാലക്കാട് (യു മുംബെ), ഉത്തമന്‍ ആലപ്പുഴ (പാട്‌ന പൈരേറ്റ്‌സ്) എന്നിവരാണ് പ്രോ കബഡിയില്‍ കളിക്കുന്നത്.
കൂടാതെ ഉദയകുമാര്‍, ഭാസ്‌കരന്‍ ചെറുവത്തൂര്‍, ജഗതീഷ് കുമ്പള എന്നിവര്‍ വിവിധ ടീമുകളുടെ കോച്ചുകളായ മലയാളികളാണ്.
No comments:
Post a Comment