Latest News

നെല്‍കൃഷിയ്ക്ക് ഭീഷണിയായി നീലവണ്ടുകളുടെ അക്രമണം

കാഞ്ഞങ്ങാട്: നെല്‍കൃഷിയെ പ്രതികൂലമായി ബാധിക്കുന്ന വണ്ടുകളുടെ അക്രമണം ജില്ലയില്‍ വ്യാപകമാകുന്നു. ഉമ നെല്‍വിത്തിറക്കിയ പാടങ്ങളിലാണ് കര്‍ഷകര്‍ക്ക് ദുരിതമായി നീല വണ്ടിന്‍റെ അക്രമം. കാഞ്ഞങ്ങാട്, മഞ്ചേശ്വരം, പെരിയ, ചെറുവത്തൂര്‍ പ്രദേശങ്ങളിലാണ് നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങിയ അവസ്ഥയിലുള്ളത്. [www.malabarflash.com]

പ്രതിരോധിക്കാന്‍ ജൈവരീതിയിലുള്ള മരുന്നുകള്‍ തളിച്ചെങ്കിലും ഒരു മാറ്റവുമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഉമ നെല്ലിന് മാത്രമേ വണ്ടിന്‍റെ അക്രമണം ഉണ്ടാകുന്നുവെന്ന് കര്‍ഷകര്‍ തറപ്പിച്ച് പറയുന്നു.
ഉമ നെല്‍കൃഷി ചെയ്യുന്ന പാടത്തിന് സമീപത്തുള്ള വേറെ ഇനത്തില്‍പ്പെട്ട നെല്‍ച്ചെടികള്‍ക്ക് വണ്ടിന്‍റെ അക്രമം ഉണ്ടാകുന്നില്ലെന്നും അവര്‍ പറയുന്നു.

കാഞ്ഞങ്ങാട്, കാരാട്ട് വയൽ പാടശേഖരത്ത് ഏക്കർ കണക്കിന് നെൽകൃഷിയാണ് നീലവണ്ടിന്‍റെ അക്രമണം മൂലം നശിച്ചത്. സംസ്ഥാന സർക്കാരിന്‍റെ ഹരിതം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കാരാട്ട് വയൽ പാടശേഖര സമിതി ഉമ നെല്‍കൃഷി ചെയ്യുന്നത്. രണ്ടു മാസം പ്രായമായ തൈകള്‍ക്കാണ് കീടബാധയുണ്ടായിരിക്കുന്നത്. വണ്ടിനൊപ്പം പുഴുക്കളും നെല്ലില്‍ നിന്ന് ഹരിതകം ഊറ്റിക്കുടിക്കുന്നതിനാലാണ് തൈകള്‍ ഉണങ്ങുന്നത്.

കാർഷിക കർമ്മ സേനയിലെ അംഗങ്ങളായ രാജ് മോഹൻ ഐങ്ങോത്ത്, മനോജ് മടിക്കൈ എന്നിവരുടെ 50 സെന്‍റ് ഭൂമിയിലെ കൃഷിയും, ശ്രീനിവാസന്‍റെ രണ്ടര ഏക്കറിലും, ഗണേശൻ-യമുന എന്നിവരുടെ ഒന്നര ഏക്കർ കൃഷിയുമാണ് ഈ വണ്ടിന്‍റെ അക്രമണം മൂലം നശിച്ചത്.

കൃഷി ഓഫീസർ ദിനേശൻ, കാർഷിക സർവ്വകലാശാലയിലെ ശാസ്ത്രജ്ഞന്‍ ഡോ.ശ്രീകുമാർ എന്നിവരുടെ നിർദ്ദേശ പ്രകാരം മണ്ണെണ്ണയും സോപ്പ് ലായനിയും ചേർത്ത മിശ്രിതം തളിച്ചെങ്കിലും വലിയ ഗുണമൊന്നും ഉണ്ടായില്ലെന്നാണ് കർഷകർ പറയുന്നത്. ഉയര്‍ന്ന താപനില, ഉയര്‍ന്ന ഈര്‍പ്പം എന്നീ സാഹചര്യങ്ങളിലാണ് നീലവണ്ടിന്‍റെ വംശവര്‍ദ്ധനവ് ഉണ്ടാകുന്നത്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.