Latest News

അദ്ധ്യാപക തസ്തിക നിര്‍ത്തലാക്കി; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

പള്ളിക്കര: ബേക്കല്‍ എ.ഇ.ഒയുടെ പരിധിയില്‍ വരുന്ന കീക്കാന്‍ ആര്‍.ആര്‍.എം.ജി.യു.പി സ്‌കൂളിലെ കന്നഡ ഡിവിഷനിലെ രണ്ട് അദ്ധ്യാപക തസ്തിക നിര്‍ത്തലാക്കി. 110 വര്‍ഷം പഴക്കമുള്ളതും കന്നഡ, മലയാളം വിഭാഗങ്ങളില്‍ 14 ക്ലാസ്സുകളിലായി 152 കുട്ടികള്‍ പഠിക്കുന്നതാണ് ഈ സ്‌കൂള്‍.[www.malabarflash.com]

2017-18 വര്‍ഷത്തെ സ്റ്റാഫ് ഫിക്‌സേഷന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ എ.ഇ.ഒ ഇറക്കിയ ഉത്തരവ് കഴിഞ്ഞ ദിവസമാണ് സ്‌കൂളിന് ലഭിച്ചത്. ഇതിന്‍പ്രകാരം കന്നഡ വിഭാഗത്തില്‍ നിലവിലുള്ള നാല് അദ്ധ്യാപക തസ്തികയ്ക്ക് പകരം രണ്ട് തസ്തികകള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കന്നഡ ഭാഷാ ന്യൂനപക്ഷത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനമാണ് ഇതോടെ അവതാളത്തിലായിരിക്കുന്നത്.

സാമ്പത്തികമായും വിദ്യാഭ്യാസപരമായും പൊതുവെ പിന്നോക്കം നില്‍ക്കുന്നവരായ രക്ഷിതാക്കള്‍ ഇതോടെ കടുത്ത ആശങ്കയിലാണ്. തൊട്ടടുത്ത അജാനൂര്‍ പഞ്ചായത്തിലുണ്ടായിരുന്ന കന്നഡ മീഡിയം സ്‌കൂള്‍ നഷ്ടത്തിലാണെന്ന കാരണത്താല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ച് പൂട്ടിയിരുന്നു. ആ പ്രദേശത്തുകാരും ഈ സ്‌കൂളിനെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ഈ സ്‌കൂളിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു കന്നഡ മീഡിയം സ്‌കൂളും പ്രവര്‍ത്തിക്കുന്നില്ല. 

കുടുംബത്തില്‍ കുട്ടികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന കുറവിന് പുറമെ അടുത്തിടെ ഈ വിദ്യാലയത്തിന് തൊട്ടടുത്തായി ബേക്കല്‍ എ.ഇ.ഒ ഓഫീസിലെ ഒരു ജീവനക്കാരന്റെ നിയന്ത്രണത്തില്‍ ആരംഭിച്ച അണ്‍ എയ്ഡഡ് സ്‌കൂളിന്റെ പ്രവര്‍ത്തനവും, ഈ പൊതുവിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണമായിട്ടുണ്ടെന്ന് പിടിഎയും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. 

കന്നഡ ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട രാമചന്ദ്രറാവു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച് ആരംഭിച്ച സ്‌കൂളിന്റെ സ്ഥലവും കെട്ടിടവും അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാരിലേക്ക് കൈമാറിയത്. അതിന് ശേഷം വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്ന ഈ സ്‌കൂളിലെ രണ്ട് അദ്ധ്യാപക തസ്തികകള്‍ കാലങ്ങളായി നിലനിന്ന് വരുന്ന ഒരു സര്‍ക്കാര്‍ ഉത്തരവ് പൊടി തട്ടിയെടുത്ത് നടപ്പാക്കിയതിന് പിന്നില്‍ എ.ഇ.ഒ ഓഫീസിലെ ജീവനക്കാരന്റെ സ്വാധീനം ഉണ്ടായിട്ടുണ്ടെന്ന് പിടിഎയുടെയും വികസന സമിതിയുടെയും സംയുക്ത അടിന്തിര യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍, തസ്തിക നിര്‍ത്താലാക്കാനുള്ള തീരുമാനം റദ്ദാക്കി തസ്തിക പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് കെ.കുഞ്ഞിരാമന്‍ എംഎല്‍എ മുഖാന്തിരവും, ജില്ലയില്‍ നിന്നുള്ള റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍, ജില്ലാ കലക്ടര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ബേക്കല്‍ എ.ഇ.ഒ, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് നേരിട്ടും പിടിഎ-വികസനസമിതി ഭാരവാഹികള്‍ നിവേദനം നല്‍കി.

പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി ഈ മാസം ഒമ്പതാം തീയ്യതി ബുധനാഴ്ച 2 മണിക്ക് സ്‌കൂള്‍ ഹാളില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ ക്ലബ്ബുകള്‍ കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്ന നാട്ടുകാരുടെ വിപുലമായ യോഗം ചേര്‍ന്ന് സമരപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ തീരുമാനമായി.

ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പിടിഎ പ്രസിഡന്റ് സത്യന്‍ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ്, സ്‌കൂള്‍ വികസനസമിതി പ്രസിഡന്റ് പി.കെ.അബ്ദുല്‍റഹിമാന്‍ മാസ്റ്റര്‍, മദര്‍ പിടിഎ പ്രസിഡന്റ് പ്രീതി വിജയന്‍, കാസര്‍കോട് തഹസില്‍ദാര്‍ കെ.നാരായണന്‍, കെ.രവിവര്‍മ്മന്‍, പി.രാജന്‍, അരവിന്ദന്‍ മാസ്റ്റര്‍, ഹെഡ്മാസ്റ്റര്‍ പി.മണികണ്ഠന്‍, നാഗരാജ് എന്നിവര്‍ സംസാരിച്ചു.


Monetize your website traffic with yX Media

 Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.