Latest News

മതസൗഹാര്‍ദാന്തരീക്ഷത്തിലെ വിളളലുകൾ നികത്താന്‍ പൂജാരിമാരും ഇമാമുമാരും ഒന്നിച്ചിരുന്ന് ഓണമുണ്ടു

മലപ്പുറം: ഫൈസല്‍ വധത്തെ തുടര്‍ന്ന് കൊടിഞ്ഞിയിലെ മതസൗഹാര്‍ദാന്തരീക്ഷത്തിലുണ്ടായ വിള്ളലുകൾ നികത്താന്‍ പ്രദേശത്തെ ക്ഷേത്രങ്ങളുടെ ഭാരവാഹികളും പൂജാരിമാരും പള്ളികളിലെ ഇമാമുമാരും ഒന്നിച്ചിരുന്ന് ഓണമുണ്ടു.[www.malabarflash.com]

കൊടിഞ്ഞി ഉള്‍പ്പെടുന്ന നന്നമ്പ്ര പഞ്ചായത്തിലെ എല്ലാ ക്ഷേത്ര ഭാരവാഹികളേയും പള്ളികളിലെ ഇമാമുമാരേയും ഒന്നിച്ചിരുത്തിയായിരുന്നു ചടങ്ങ്. ഓണപ്പൂക്കളമിട്ടു കൊണ്ടായിരുന്നു ചടങ്ങുകളുടെ തുടക്കം. ശേഷം വിഭവ സമൃദ്ധമായ ഓണ സദ്യയും. മതസൗഹാര്‍ദ സന്ദേശമുയര്‍ത്തി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്ന ത്രൈമാസ ക്യാംപെയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രദേശത്ത് 25-ഓളം കുടുംബ ക്ഷേത്രങ്ങളും പുരാതന ക്ഷേത്രങ്ങളും അൻപതിലേറെ പള്ളികളുമുണ്ട്. ഇവിടങ്ങളിലെ ഭാരവാഹികളേയും പൂജാരിമാരേയും ഇമാമുമാരേയും ചടങ്ങിന് ക്ഷണിച്ചിരുന്നു. കൊടിഞ്ഞിക്കു സമീപം തെയ്യാലയില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിഗിരി ആശ്രമ മേധാവി സ്വാമി മധുശ്രീ ജ്ഞാനതപസ്വിയാണ് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചത്. 

എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കൊടിഞ്ഞി ജുമാ മസ്ജിദ് ഇമാം ഹൈദരലി ഫൈസി, തിരൂരങ്ങാടി എംഎല്‍എ പി.കെ.അബ്ദുറബ് എന്നിവരും മുഖ്യാതിഥികളായിരുന്നു.

ഒന്നിച്ചിരുന്ന് ഓണമുണ്ടാല്‍ തീരുന്ന പ്രശ്‌നങ്ങളെ നാട്ടിലൂള്ളൂവെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജാതി, മത ചിന്തകള്‍ ഒരിക്കലും സാമൂഹിക ജീവിതത്തിന് വിലങ്ങാകരുതെന്നും ഇത്തരം സദസ്സുകള്‍ വഴി ഐക്യത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും സന്ദേശം ജനങ്ങളിലെത്തിക്കണമെന്നും സ്വാമി മധുശ്രീ പറഞ്ഞു.

ഫൈസല്‍ വധത്തിനു ശേഷം പ്രദേശത്തെ സൗഹൃങ്ങളിലുണ്ടായ വേര്‍ത്തിരിവ് ഇല്ലാതാക്കാനാണു തങ്ങളുടെ പ്രചാരണമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് റസാക് കൊടിഞ്ഞി പറഞ്ഞു. ഫൈസല്‍ കൊല്ലപ്പെട്ടതിനു ശേഷം അകന്നു പോയ പലരും ഈ പരിപാടിയില്‍ ഒന്നിച്ചിരുന്ന് ഓണമുണ്ണാനെത്തിയത് തങ്ങളുടെ ശ്രമങ്ങളുടെ വലിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തില്‍ പള്ളി ഭാരവാഹികളും ഉസ്താദുമാരും ചേര്‍ന്ന് ക്ഷേത്ര സന്ദര്‍ശനമാണ്. പുരാതനമായ ശിവ, വിഷ്ണു ക്ഷേത്രങ്ങളടക്കം പ്രദേശത്തെ മുഴുവന്‍ പ്രധാന ക്ഷേത്രങ്ങളിലും ഇവര്‍ സൗഹൃദ സന്ദര്‍ശനം നടത്തും. ശേഷം ക്ഷേത്ര ഭാരവാഹികളുടെ പള്ളി സന്ദര്‍ശനവും നടക്കും. അടുത്ത മാസം ആദ്യത്തിലാണ് പരിപാടി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.