Latest News

ഓണം ഒരുമ 2017 ന് തുടക്കമായി

കാഞ്ഞങ്ങാട്: ജില്ലാ ഭരണകൂടം, വിനോദ സഞ്ചാരവകുപ്പ്, കുടുംബശ്രീ, ഉദുമ- പള്ളിക്കര പഞ്ചായത്തുകള്‍, ബി ആര്‍ ഡി സി, ഡി ടി പി സി, നെഹ്‌റു യുവകേന്ദ്ര, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഒരുമ 2017 ന് തുടക്കമായി. സെപ്തംബര്‍ 11 വരെയാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്.[www.malabarflash.com]

പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ നിന്ന് ബേക്കല്‍ കോട്ടയിലേക്ക് നടത്തിയ ദീര്‍ഘദൂര ഓട്ടമത്സരം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കെ കുഞ്ഞിരാമന്‍ എം എല്‍ എ മുഖ്യാതിഥിയായി.
ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി, പള്ളിക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം അബ്ദുല്‍ ലത്തീഫ്, ഡി ടി പി സി ജില്ലാ സെക്രട്ടറി ആര്‍ ബിജു, സൈക്കിളിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടും സിനിമ നിര്‍മാതാവുമായ കെ വി വിജയകുമാര്‍ പാലക്കുന്ന്, ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ എം വി പ്രജീഷ്, അത്‌ലറ്റിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജനാര്‍ദ്ദനന്‍ അച്ചാംതുരുത്തി തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് എം അച്ചുതന്‍ മാസ്റ്റര്‍ സ്വാഗതവും പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പള്ളം നാരായണന്‍ നന്ദിയും പറഞ്ഞു.
വിവിധ ജില്ലകളില്‍ നിന്നായി അറുപതില്‍പരം കായിക താരങ്ങള്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്തു. 

ഓട്ടമത്സരത്തില്‍ മുന്നാട് പീപ്പിള്‍സ് കോളേജിലെ ബവേഷ് ജേതാവായി. ഇതേ കോളേജിലെ ശിവന്‍ രണ്ടാം സ്ഥാനവും എറണാകുളത്തെ വിഷ്ണു മൂന്നാസ്ഥാനവും നേടി. 

ജില്ലാ കളക്ടര്‍ ദീര്‍ഘദൂര ഓട്ടമത്സരത്തില്‍ ഓടിയത് മത്സരാര്‍ത്ഥികള്‍ക്ക് ആവേശമായി. 

ആഘോഷപരിപാടികളുടെ ഭാഗമായി ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ പള്ളിക്കര ബീച്ചില്‍ പുരുഷ വനിതാ വടംവലി മത്സരം നടക്കും. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പാലക്കുന്നില്‍ നിന്ന് പള്ളിക്കര ബീച്ച് പാര്‍ക്കിലേക്ക് ആയിരങ്ങളെ അണിനിരത്തി വര്‍ണ്ണശബളമായ ഘോഷയാത്രയും നടക്കും. ഔദ്യോഗികമായ ഉദ്ഘാടനം പി കരുണാകരന്‍ എം പി നിര്‍വഹിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.