Latest News

ആര്‍ത്തവരക്തം യൂണിഫോമില്‍ പറ്റിയതിന് അധ്യാപികയുടെ ശകാരം; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

ചെന്നൈ: ആര്‍ത്തവരക്തം യൂണിഫോമില്‍ പറ്റിയതിന് അധ്യാപിക വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് പാളയംകോട്ടയിലെ സെന്തില്‍നഗര്‍ സ്‌കൂളിലാണ് സംഭവം.[www.malabarflash.com]
യൂണിഫോമിലും ബെഞ്ചിലും രക്തം പറ്റിയതായി സഹപാഠികളാണ് വിദ്യാര്‍ഥിനിയോട് പറഞ്ഞത്. പേടിച്ച് പോയ താന്‍ വീട്ടില്‍ പൊയ്‌ക്കോട്ടെ എന്ന് അധ്യാപികയോട് ചോദിച്ചപ്പോള്‍ മറ്റ് വിദ്യാര്‍ഥികളുടെ മുമ്പില്‍ വച്ച് അധിക്ഷേപിച്ച് സംസാരിച്ചതായാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. സാനിറ്ററി പാഡ് ശരീയായ രീതിയിലല്ലേ വച്ചതെന്ന് ചോദിച്ച് ആക്ഷേപിക്കുകയും കുട്ടിയോട് ക്ലാസ് മുറി വിട്ടുപോവാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

അതേ അധ്യാപികയുടെ പരാതിയിന്മേല്‍ പ്രിന്‍സിപ്പാളും തന്നോട് രൂക്ഷമായി സംസാരിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ആരും തന്നെപ്പറ്റി പരാതികള്‍ പറയാത്ത സാഹചര്യത്തില്‍ അധ്യാപികയും പ്രിന്‍സിപ്പാളും തന്നെ എന്തിനാണ് വഴക്കുപറഞ്ഞതെന്നും കുട്ടി ചോദിച്ചിട്ടുണ്ട്. താന്‍ ചെയ്ത തെറ്റെന്താണെന്നും അവള്‍ അധ്യാപികയോട് കത്തിലൂടെ ചോദിച്ചിട്ടുണ്ട്.

സംഭവം നടന്നതിന് പിറ്റേദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അയല്‍വീട്ടിലെ ടെറസ്സില്‍ നിന്ന് ചാടി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. അവളെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുന്നത് വരെ മകള്‍ എന്തിനിത് ചെയ്തു എന്ന് പോലും മാതാപിതാക്കള്‍ക്കറിയില്ലായിരുന്നു. സ്‌കൂളിന് മുമ്പില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ കുട്ടിയുടെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.