Latest News

കതിരൂർ മനോജ് വധം: പി.ജയരാജനെതിരെ യുഎപിഎ ചുമത്തി കുറ്റപത്രം

കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്തി. കേസിൽ 25–ാം പ്രതിയായ ജയരാജയനെതിരെ ഗുരുതര കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. [www.malabarflash.com]

ഗൂഢാലോചനയിൽ പി. ജയരാജൻ നേരിട്ടു പങ്കാളിയായിരുന്നു. കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാൻ ലക്ഷ്യമിട്ടായിരുന്നു മനോജിനെ വധിച്ചതെന്നും സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. 2014 സെപ്റ്റംബർ ഒന്നിനാണ് ആർഎസ്എസ് ജില്ലാ ശാരീരിക ശിക്ഷൺ പ്രമുഖ് ആയിരുന്ന കതിരൂർ എളന്തോടത്ത് മനോജ് കൊല്ലപ്പെട്ടത്.

കിഴക്കെ കതിരൂരിലെ വീട്ടിൽനിന്ന് ഇറങ്ങിയ മനോജിന്റെ വാഹനത്തിനു നേരെ ബോംബ് എറിഞ്ഞശേഷം, വണ്ടിയിൽനിന്നു വലിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്. 

പി. ജയരാജൻ, പാർട്ടി പയ്യന്നൂർ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനൻ എന്നിവരടക്കം 25 സിപിഎം പ്രവർത്തകർ കേസിൽ പ്രതികളാണ്. മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്ന് 2016 ഫെബ്രുവരി 12നു കോടതിയിൽ കീഴടങ്ങിരുന്നു. റിമാൻഡ് ചെയ്യപ്പെട്ട ജയരാജന് മാർച്ച് 24നാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.

കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലാണു കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്നത്. ഭീകരപ്രവർത്തനം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചന നടത്തിയതിനു യുഎപിഎ 18–ാം വകുപ്പ് ഉൾപ്പെടെ ചേർത്താണു ജയരാജനെതിരെ സിബിഐ കേസ് എടുത്തിരുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചനയും വധശ്രമവും കൊലപാതകവും അടക്കമുള്ള വകുപ്പുകളും സ്ഫോടകവസ്തു നിരോധന നിയമപ്രകാരവും കേസുണ്ട്.

പി. ജയരാജനു മനോജിനോടുള്ള വ്യക്തി വൈരാഗ്യവും രാഷ്ട്രീയ വിരോധവുമാണു കൊല ആസൂത്രണം ചെയ്യാൻ ജയരാജനെ പ്രേരിപ്പിച്ചതെന്നു സിബിഐ പറയുന്നു. മനോജ് വധക്കേസിൽ അറസ്റ്റിലായ 19 പ്രതികൾക്കും മനോജുമായി വൈരാഗ്യമുണ്ടായിരുന്നില്ലെന്നും പി. ജയരാജനു മാത്രമാണു വ്യക്തി വൈരാഗ്യവും രാഷ്ട്രീയ വൈരാഗ്യവും ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിലുണ്ട്. 

1999 ഓഗസ്റ്റ് 25ന് പി. ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയായിരുന്നു മനോജ് – ഇതാണു ജയരാജനു മനോജിനോടു വ്യക്തി വൈരാഗ്യത്തിനുള്ള കാരണമെന്നു സിബിഐ വ്യക്തമാക്കുന്നു.

സിപിഎം പ്രവർത്തകർ വ്യാപകമായി പാർട്ടിയിൽനിന്നു കൊഴിഞ്ഞുപോയി ബിജെപിയിൽ ചേർന്നതിനു കാരണമായതു മനോജാണെന്നതാണു രാഷ്ട്രീയ വൈരാഗ്യത്തിനു കാരണം. ബിജെപിയിൽ ചേർന്ന പ്രവർത്തകർക്ക് 2014 ഓഗസ്റ്റ് 24നു കണ്ണൂരിൽ സ്വീകരണം നൽകിയതിനു പിന്നിൽ മനോജാണെന്നതും വിദ്വേഷം വർധിക്കാനുള്ള കാരണമായി.

മനോജിന്റെ വധം ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകമാണെന്നും റിപ്പോർട്ടിലുണ്ട്. 25–ാം പ്രതി പി. ജയരാജന്റെ സഹായത്തോടെ ഒന്നാം പ്രതി വിക്രമൻ വിവിധ സ്ഥലങ്ങളിൽ നിന്നായി സിപിഎം പ്രവർത്തകരെ സംഘടിപ്പിച്ചു കൊലപാതകം നടത്തുകയായിരുന്നുവെന്നാണു സിബിഐയുടെ റിപ്പോർട്ട്. നേരത്തേ, കൊലപാതകക്കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.