Latest News

ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ദേശീയ കബഡിതാരം ഭര്‍തൃവീട്ടില്‍ ക്രൂരപീഡനത്തിനിരയായി

ബേഡകം: ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ ദേശീയ വനിത കബഡിതാരം ചേരിപ്പാടിയിലെ തമ്പാന്‍- അനിത ദമ്പതികളുടെ മകള്‍ പ്രീതിക്ക് ഭര്‍തൃവീട്ടില്‍ നേരിടേണ്ടി വന്നത് ക്രൂരമായ പീഡനമാണെന്ന് പുറത്തു വന്നു.[www.malabarflash.com] 

ബെള്ളൂര്‍ ഗവ. സ്‌കൂളില്‍ കായിക അധ്യാപിക കൂടിയായ പ്രീതിയെ കഴിഞ്ഞ 18നാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഗോവണിയുടെ കൈവരിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. 

പുറത്ത് പോയി മടങ്ങി വന്ന മാതാവാണ് പ്രീതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഗോവണിയില്‍ ആത്മഹത്യ ചെയ്തത് തന്നെ സംശയത്തിന് ഇടനല്‍കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. 

സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തിട്ടുണ്ടെങ്കിലും പ്രീതിയെ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ഉറച്ച് വിശ്വസിക്കുന്നു. 

സംഭവം നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഭര്‍ത്താവ് ഭീമനടി സ്വദേശിയായ രാഗേഷ് ചേരിപ്പാടിയിലെ വീട്ടിലെത്തി പ്രീതിയുമായി വഴക്കിടുകയും മര്‍ദ്ദിക്കുകയും ചെയ്തതായും ബന്ധുക്കള്‍ പറയുന്നു. ഇതിനിടയില്‍ മക്കളില്ലാത്ത രാഗേഷിന്റെ സഹോദരിക്ക് പ്രീതിയുടെ കുഞ്ഞിനെ നല്‍കണമെന്ന് രാഗേഷും ബന്ധുക്കളും നിര്‍ബന്ധം പിടിച്ചിരുന്നുവത്രെ. ഇതിന്റെ പേരിലായിരുന്നു പ്രീതിക്ക് ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്. ഇതേ തുടര്‍ന്ന് മൂന്നു മാസത്തോളമായി പ്രീതി സ്വന്തം വീട്ടിലാണ് താമസം.
നല്ല സാമ്പത്തിക ശേഷിയുള്ള രാഗേഷ് എഞ്ചിനീയറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണത്രെ പ്രീതിയെ വിവാഹം കഴിച്ചത്. ഇതിനിടയില്‍ ചില രാഷ്ട്രീയ പ്രമുഖരുമായി നല്ല ബന്ധമുള്ള രാഗേഷ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. 

കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
2009 മുതല്‍ വിവിധ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ പ്രതിനിധികരിച്ച പ്രീതി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കബഡി കളിക്കാന്‍ എത്തിയതിലൂടെ കായിക താരങ്ങള്‍ക്ക് ഏറെ സുപരിചിതയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.