Latest News

മുത്വലാഖ് നിരോധനം ശരീഅത്ത് വിരുദ്ധം: സമസ്ത

മലപ്പുറം: സുപ്രിംകോടതി വിധി പ്രകാരമുള്ള മുത്വലാഖ് നിരോധനം ഇസ്‌ലാമിക ശരീഅത്തിനു വിരുദ്ധമാണെന്ന് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമായുടേയും പോഷകഘടകങ്ങളുടേയും യോഗം പ്രസ്താവിച്ചു.[www.malabarflash.com]

 ശരീഅത്തിനു അനുകൂലമായി പാര്‍ലമെന്റില്‍ നിയമ നിര്‍മാണം നടത്താന്‍ കേന്ദ്രഭരണകൂടം മുന്നോട്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.

ത്വലാഖ് ഏറെ നിരുത്സാഹപ്പെടുത്തിയ മതമാണ് ഇസ്‌ലാം. പ്രത്യേക സാഹചര്യത്തില്‍ മാത്രം നടത്തേണ്ട ത്വലാഖ് മൂന്നു ഘട്ടമായി നടത്തലാണ് ഏറ്റവും നല്ലരീതി. എന്നാല്‍ മൂന്നുത്വലാഖ് ഒരുമിച്ച് ചൊല്ലിയാല്‍ മൂന്നും സാധുവാകുമെന്ന് ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടതാണ്. ആയിരത്തിനാനൂറ് വര്‍ഷം പാരമ്പര്യമുള്ളതും നിയമപരമായി സാധുതയുള്ളതുമാണ് മുത്വലാഖ് എന്ന് ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ഈ വിധി പ്രസ്താവത്തില്‍ നിരീക്ഷിച്ചത് പ്രത്യേകം ശ്രദ്ധേയമാണ്.

ഇക്കാര്യത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിച്ചു വേണ്ടത് ചെയ്യാനും മലപ്പുറത്ത് ചേര്‍ന്ന അടിയന്തിര യോഗത്തില്‍ തീരുമാനിച്ചു. സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ അധ്യക്ഷനായി. ഏകോപന സമിതി കണ്‍വീനര്‍ എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, വിവിധ പോഷക ഘടകങ്ങളെ പ്രതിനിധീകരിച്ച് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിളളി മുഹമ്മദ് ഫൈസി, പി.എ ജബ്ബാര്‍ ഹാജി, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, കെ.എച്ച് കോട്ടപ്പുഴ, ഷാഹുല്‍ ഹമീദ് മേല്‍മുറി, അഡ്വ. യു.എ ലത്തീഫ്, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി സംബന്ധിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.