പാണത്തൂര്‍: മൂന്നു ദിവസമായി ഒരു നാട് ഒന്നാകെ തിരഞ്ഞിട്ടും സന ഫാത്തിമയെ കണ്ടെത്താനായില്ലെങ്കിലും തങ്ങളുടെ പൊന്നോമനയെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷ കൈവിടാതെ മാതാപിതാക്കള്‍. മൂന്നു ദിവസമായി ഇവരുടെ ഉള്ളില്‍ സങ്കടക്കടലാണ്.[www.malabarflash.com]
ഓവുചാലില്‍ വീണ് കാണതായെന്ന അഭ്യൂഹത്തെ തുടര്‍ന്ന് അഗ്‌നിശമന സേനയും പോലീസും നാട്ടുകാരും പുഴയില്‍ നടത്തിവന്ന തിരച്ചില്‍ അവസാനിപ്പിച്ചുവെങ്കിലും പ്രതീക്ഷയുടെ തിരിനാളം ബന്ധുക്കളുടെ ഉള്ളില്‍ അണയാതെ കത്തുകയാണ്.
തന്റെ മകളെ തിരിച്ചു കിട്ടും എന്നുതന്നെയാണ് ഉമ്മ ഹസീന വിശ്വസിക്കുന്നത്.
ശനിയാഴ്ച സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ കലക്ടര്‍ കെ.ജീവന്‍ ബാബു സനയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. കുട്ടിയെക്കുറിച്ചുളള വിവരങ്ങള്‍ ലഭിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കലക്ടര്‍ ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കി.
അതേസമയം സന ഫാത്തിമയെ കണ്ടെത്താന്‍ ബന്ധുക്കളില്‍ നിന്നും പരിസരവാസികളില്‍ നിന്നും വിശദമായ വിവരങ്ങള്‍ ശേഖരിക്കും. ഇതുസംബന്ധിച്ചു പോലീസിനു നിര്‍ദേശം നല്‍കിയതായി കലക്ടര്‍ കെ.ജീവന്‍ ബാബു പറഞ്ഞു. മൂന്നു ദിവസം കഴിഞ്ഞും കുട്ടിയെ കുറിച്ചുളള സൂചനകള്‍ കണ്ടെത്താനാകാത്ത സ്ഥിതിക്കു പുഴയിലെ തിരച്ചില്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒഴുക്കില്‍പെട്ടതാവും എന്ന കണക്കുകൂട്ടലിലാണ് വ്യാഴാഴ്ച വൈകിട്ടു മുതല്‍ ശനിയാഴ്ച രാത്രി വരെ പുഴ കേന്ദ്രീകരിച്ച് കുറ്റിക്കോലില്‍ നിന്നെത്തിയ അഗ്‌നിശമന സേനയിലെ മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തിയത്. സംഭവസ്ഥലത്തു നിന്നു നാലു കിലോമീറ്റര്‍ ദൂരത്തുവരെ പരിചയ സമ്പന്നരായ നാട്ടുകാരുടെ സഹായത്തോടെ പരിശോധന നടത്തി. ഫലമില്ലെന്ന നിഗമനത്തില്‍ തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പുഴ കരകവിഞ്ഞൊഴുകുന്നതും ശക്തമായ അടിയൊഴുക്കും മുങ്ങല്‍ വിദഗ്ധര്‍ക്ക് പ്രതികൂലമായി. പുഴ പരിചയമുള്ള പാണത്തൂര്‍ പ്രദേശത്തെ യുവാക്കള്‍ മൂന്നു ദിവസവും സനയ്ക്കു വേണ്ടി പോലീസ്, അഗ്‌നിശമന ഉദ്യോഗസ്ഥര്‍ക്ക് സഹായമായി കൂടെയുണ്ട്.
കഴിഞ്ഞദിവസം എസ്പി ഉള്‍പ്പെടെയുള്ള അധികാരികള്‍ സ്ഥലത്തെത്തിയിരുന്നു.
അതേസമയം കുട്ടിക്കു വേണ്ടിയുള്ള തിരച്ചില്‍ പുഴയില്‍ നിന്നും വഴിമാറാതിരിക്കാനും തിരച്ചില്‍ കൂടുതല്‍ സമയത്തേക്ക് നീട്ടിക്കിട്ടാനും മനഃപൂര്‍വം സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്ക് തിരോധാനവുമായി ബന്ധമുണ്ടോ എന്നറിയാന്‍ ഇവരെ കണ്ടെത്തി ചോദ്യം ചെയ്യുമെന്നും കലക്ടര്‍ പറഞ്ഞു.
ഇവര്‍ക്കെതിരെ സൈബര്‍ സെല്‍ കേസെടുത്തിട്ടുണ്ട്. ആദ്യ ദിവസങ്ങളില്‍ പോലീസിന്റെ ശ്രദ്ധ പുഴയിലേക്കു തന്നെ കേന്ദ്രീകരിക്കാനുള്ള ശ്രമവും സമൂഹമാധ്യമങ്ങളില്‍ വന്നത് പോലീസ് നിരീക്ഷിച്ചുവരികയാണ്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment