Latest News

തലശ്ശേരിയിൽ വിദ്യാർഥിയുടെ മരണം: ബ്ലൂവെയ്​ൽ ഗെയിമിന്റെ സ്വാധീനമെന്ന്​ സംശയം

കണ്ണൂര്‍: ബ്ലൂ വെയില്‍ ഗെയിമിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സംസ്ഥാനത്ത് കൂടുതല്‍ ഇരകളുണ്ടെന്ന് സംശയം ബലപ്പെടുന്നു.[www.malabarflash.com] 

കണ്ണൂരിലെ ഐ ടി ഐ വിദ്യാര്‍ത്ഥിയായ സാവന്തിന്റെ ആത്മഹത്യ ബ്ലൂവെയില്‍ ഗെയിം പിന്തുടര്‍ന്നതിനാലാണെന്ന സൂചനയാണ് ബലപ്പെടുന്നത്. ഇതു സ്ഥിരീകരിച്ച് സാവന്തിന്റെ അമ്മ വെളിപ്പെടുത്തലുമായി രംഗത്തെത്തി. മനോരമ ചാനലിനോടാണ് സാവന്തിന്റെ മാതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ മെയ് മാസത്തിലാണ് സാവന്ത് തൂങ്ങിമരിച്ചത്. കേസന്വേഷിച്ച തലശ്ശേരി പോലീസ് സാവന്തിന്റെ മൊബൈല്‍ കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ചിരുന്നു. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന നിഗമനത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ബ്ലൂ വെയില്‍ ഗെയിമിനെ കുറിച്ചുള്ള അജ്ഞതയും ഇക്കാര്യത്തില്‍ വേണ്ടത്ര അന്വേഷണം നടത്തുന്നതിന് പ്രേരിപ്പിച്ചില്ല. 

എന്നാല്‍, തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം ഗെയിം പിന്തുടര്‍ന്നിട്ടാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെയാണ് സാവന്തിന്റെ മരണത്തിലും സമാനമായ സംഭവങ്ങള്‍ നടന്നതായി അമ്മക്ക് സംശയം തോന്നിയത്.

കഴിഞ്ഞ മൂന്നു മാസമായി സാവന്തിന്റെ പെരുമാറ്റത്തില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു. രാത്രി വളരെ വൈകി മാത്രം ഉറങ്ങുന്ന മകന്‍ എപ്പോഴും മൊബൈല്‍ ഫോണില്‍ തന്നെയായിരിക്കുമെന്ന് ഇവര്‍ പറഞ്ഞു. രാത്രി വൈകി പുറത്തു പോയി പുലര്‍ച്ചെയോടെയാണ് തിരിച്ചെത്താറ്. കാര്യങ്ങള്‍ അന്വേഷിച്ചാല്‍ ക്രുദ്ധനായാണ് മറുപടി നല്‍കാറുള്ളത്. 

കയ്യിലും നെഞ്ചിലും മുറിവേല്‍പ്പിച്ച പാടുകളുണ്ടായിരുന്നെന്നും അമ്മ പറഞ്ഞു. കയ്യില്‍ എസ് എ ഐ എന്ന് കോമ്പസ്സു കൊണ്ട് കോറിവരഞ്ഞതായി കണ്ടെത്തിയിരുന്നു. ഒരു ദിവസം വീട്ടില്‍ നിന്നിറങ്ങിയ സാവന്തിനെ കണ്ടെത്തിയത് തലശ്ശേരി കടല്‍പ്പാലത്തില്‍ വെച്ചായിരുന്നുവെന്ന് ഇവര്‍ വെളിപ്പെടുത്തി. അന്ന് പുസ്തകവും ബാഗും സാവന്ത് കടലിലേക്ക് വലിച്ചെറിഞ്ഞിരുന്നു. 

രാത്രി ഒമ്പതു മണിക്ക് ശേഷം മിക്കവാറും ഫോണില്‍ തന്നെ നിരീക്ഷിച്ചിരിക്കുന്ന സാവന്ത് ഭക്ഷണത്തില്‍ ശ്രദ്ധ പുലര്‍ത്താറില്ലായിരുന്നു. ഇതേ തുടര്‍ന്ന് ശരീരഭാരം കുറഞ്ഞു. ഫോണ്‍ പരിശോധിച്ചപ്പോള്‍ ബ്ലൂ വെയിലിന് സമാനമായ രീതികള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സാധാരണ ഗെയിമാണെന്ന് കരുതി വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നും അമ്മ പറഞ്ഞു. 

കൂടാതെ മകന്‍ പ്രേത സിനിമകള്‍ ധാരാളമായി കാണാറുണ്ടെന്നും ഇവര്‍ പറയുന്നു. മകന്റെ വിചിത്രമായ രീതികള്‍ കണ്ട് അടുത്ത കാലം വരെ ഒപ്പമാണ് കിടത്താറുണ്ടായിരുന്നത്. എന്നാല്‍ മുതിര്‍ന്ന കുട്ടിയെന്ന നിലയില്‍ മൂന്നു മാസം മുമ്പ് വെറെ മുറിയിലാണ് കിടക്കാറുള്ളത്. ഇതു മുതല്‍ മകന്‍ ഏറെ അകന്നാണ് കഴിയാറുള്ളതെന്നും സാവന്തിന്റെ അമ്മ വെളിപ്പെടുത്തി.



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.