Latest News

പറ്റുമെങ്കില്‍ ചെയ്തു കാണിക്ക്; സന്തോഷ് പണ്ഡിറ്റ് വെല്ലുവിളിക്കുന്നു

കാഞ്ഞങ്ങാട്: എട്ട് നായികമാരെ വെച്ച് അഞ്ച് ലക്ഷം രൂപ മുതല്‍ മുടക്കി സിനിമ നിര്‍മ്മിച്ച് മലയാള ചലചിത്ര രംഗത്ത് സാന്നിധ്യമറിയിച്ച സന്തോഷ് പണ്ഡിറ്റ് തന്നെ വിമര്‍ശിക്കുന്നവരെ വെല്ലുവിളിക്കുകയാണ്,തന്നെപ്പോലെ ഒരു സിനിമാക്കാരനാകാന്‍ പറ്റുമോ? പലര്‍ക്കു നേരെയും ഉയര്‍ത്തിയ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല.[www.malabarflash.com]

ആദ്യ സിനിമ മുതല്‍ തന്നെ സന്തോഷ് പണ്ഡിറ്റിന് നേരെ ബോധപൂര്‍വ്വമായ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഉയര്‍ത്തിയെങ്കിലും അവയൊന്നും മുഖ വിലയ്‌ക്കെടുക്കാതെ ഏഴു സിനിമകള്‍ പൂര്‍ത്തികരിച്ച സന്തോഷ് പണ്ഡിറ്റ് രണ്ടു സിനിമകളുടെ കൂടി പണിപ്പുരയിലാണ്.
ഇതിനു പുറമേ മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രമായ പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ തിരക്കഥ രചിച്ച് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന 'മാസ്റ്റര്‍പീസില്‍' മമ്മൂട്ടിയും പൂനം ബജ്‌വെയും, വരലക്ഷ്മിക്കുമൊപ്പം സുപ്രധാനമായ വേഷത്തിലും തെന്നിന്ത്യന്‍ നായികമാരായ ലീനാ കപൂര്‍, സോണിയാ അഗര്‍വാള്‍ എന്നിവര്‍ക്കൊപ്പം ഹിന്ദി, തമിഴ് ചിത്രത്തിലും സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നുണ്ട്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമാക്കാരനിലും സന്തോഷിന് മികച്ച വേഷമായിരുന്നു.ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശകര്‍ക്കു നേരെ സന്തോഷ് പണ്ഡിറ്റ് വെല്ലുവിളി ഉയര്‍ത്തുന്നത്.
ഇത്രയൊക്കെ ആയത് തന്റെ കഴിവിനുള്ള അംഗീകാരമാല്ലേയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. നവമാധ്യമങ്ങളില്‍ സിനിമകള്‍ക്കും പാട്ടുകള്‍ക്കും ടി വി ഷോകള്‍ക്കും ഏറ്റവും പ്രേഷകരുള്ളത് തനിക്കാണെന്ന് കണക്കുകള്‍ തെളിവ് സഹിതം നിരത്തി പണ്ഡിറ്റ് സമര്‍ത്ഥിക്കുന്നു.
തന്നെപ്പോലെ ഏറ്റവും ചുരുങ്ങിയ ചെലവില്‍ സിനിമ നിര്‍മ്മിച്ച് പുറത്തിറക്കാനുള്ള തന്റേടമുണ്ടോയെന്ന ചോദ്യവും വിമര്‍ശകരുടെ വായടപ്പിക്കുന്നു. സെറ്റിലെ ക്ലീനിങ്ങ് ജോലി മുതല്‍ നായക വേഷം വരെ ചെയ്യുന്നതും വിപുലമായ സൗഹൃദ ബന്ധവും സെറ്റില്‍ നായിക മുതല്‍ ലൈറ്റ് ബോയ്മാരോടു വരെ സമതുല്യരായി പെരുമാറുന്നതും സമയ നിഷ്ഠയുമാണ് ചുരുങ്ങിയ ചെലവില്‍ സിനിമ നിര്‍മ്മിക്കാന്‍ കഴിയുന്നതെന്ന രഹസ്യം സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തുന്നു.
സിനിമ തനിക്കൊരു ഭ്രാന്തല്ല. ചെറുപ്പം മുതലേ മനസ്സില്‍ സിനിമയുണ്ടായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് സ്വന്തമായി സിനിമ തുടങ്ങിയത്. കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍ ആകാനായിരുന്നു ആഗ്രഹം പിന്നീട് സൈക്കോളിജിസ്റ്റാകണമെന്നു തോന്നി. അതും പഠിച്ചു. ഒടുവില്‍ ആയത് പൊതുമരാമത്ത് എഞ്ചിനീയര്‍. മനസ്സില്‍ സിനിമ നിറഞ്ഞപ്പോള്‍ ആ ജോലിയും ഉപേക്ഷിച്ചു.
2011 ല്‍ കൃഷ്ണനും രാധയും എന്ന സിനിമ സ്വയം നിര്‍മ്മിച്ച് കൊണ്ടാണ് പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനിയര്‍ ജോലി രാജി വെച്ച് സന്തോഷ് പണ്ഡിറ്റ് സിനിമയിലേക്കിറങ്ങിയത്. ശേഷം നീലിമ നല്ലകുട്ടിയാണ്, ടിന്റുമോന്‍ എന്ന കോടീശ്വരന്‍, സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, കാളിദാസന്‍ കവിതയെഴുതകയാണ്, മിനിമോളുടെ അച്ഛന്‍ തുടങ്ങി ഏഴു ചിത്രങ്ങള്‍ക്കുശേഷം ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍, ഉരുക്കു സതീശന്‍ എന്നീ സിനിമകളുടെ പണിപ്പുരയിലാണ് സന്തോഷ് പണ്ഡിറ്റ്. ഇതില്‍ ഉരുക്കു സതീശനില്‍ സന്തോഷിന് ഇരട്ട വേഷമാണ്.
തനിക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ഇതെന്ന് സന്തോഷ് പറയുന്നു. 

നായകനില്ലാതെ രണ്ടു വില്ലന്‍മാരെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രം മലയാള സിനിമയിലെ ഒരു പരീക്ഷണമാണ്. ഇത് വിജയിച്ചാല്‍ മലയാള സിനിമയില്‍ മറ്റൊരു ചരിത്രം കുറിക്കുമെന്ന വിശ്വാസമാണ് സന്തോഷ് പണ്ഡിറ്റിന്. ഇതില്‍ എട്ട് പാട്ടുകളാണുള്ളത്. ഇവ ഇപ്പോള്‍ യുട്യൂബുകളില്‍ തരംഗമായി മാറിയിട്ടുണ്ടെന്നും നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.