Latest News

നെടുമ്പാശേരിയിൽ ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറി; ഒഴിവായത് വൻ ദുരന്തം

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം ട്രാക്കില്‍ നിന്ന് തെന്നിമാറി. അബുദാബിയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ വിമാനമാണ് ലാന്‍ഡിങ്ങിന് ശേഷം പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് വരുമ്പോള്‍ അപകടത്തില്‍പെട്ടത്.[www.malabarflash.com]

ട്രാക്കില്‍ നിന്ന് സമീപത്തെ ഓടയിലേക്കാണ് തെന്നിമാറിയത്. വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാർ അടക്കം എല്ലാവരും സുരക്ഷിതരാണെന്ന് സിയാൽ അധികൃതർ അറിയിച്ചു.

കനത്ത മഴയെ തുടർന്ന് വൈകിയാണ് വിമാനം ലാൻഡ് ചെയ്തത്. ട്രാക്കിൽ നിന്ന് തെന്നിമാറിയ വിമാനത്തിന്‍റെ മുന്നിലെ ടയറുകൾ ഒാടയിൽ പതിച്ചു. പ്രത്യേക ഗോവണി എത്തിച്ചാണ് യാത്രക്കാരെ പുറത്തിറക്കിയത്. അപകട സമയത്ത് വലിയ കുലുക്കം അനുഭവപ്പെട്ടെങ്കിലും ആർക്കും പരിക്കില്ല.

സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ അധികൃതർ രംഗത്തെത്തി. കനത്ത മഴ പൈലറ്റിന്‍റെ കാഴ്ച മറച്ചതാണ് അപകടത്തിന് വഴിവെച്ചതെന്ന് എയർ ഇന്ത്യ അറിയിച്ചു. സംഭവം സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അന്വേഷിക്കും.

വിമാന സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ എത്തിയ ശേഷം വിമാനം മാറ്റും. യാത്രക്കാരുടെ ലഗേജുകൾ വീടുകളിൽ എത്തിക്കുമെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.