Latest News

വ്യാജ നികുതി രസീതുണ്ടാക്കി പ്രതികള്‍ക്ക് ജാമ്യം നില്‍ക്കുന്ന ഏഴംഗ സംഘം പിടിയില്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാജ നികുതി രസീതുകളും പ്രമാണങ്ങളും നിര്‍മിച്ച്‌ പ്രതികള്‍ക്ക് ജാമ്യം നേടിയെടുക്കാന്‍ സഹായിക്കുന്ന സംഘം പിടിയില്‍. സ്ത്രീകളുള്‍പ്പെടെയുള്ള ഏഴംഗസംഘമാണ് തലസ്ഥാനത്ത് നെടുമങ്ങാട് പോലീസിന്റെ വലയിലായത്.[www.malabarflash.com] 

നെടുമങ്ങാട് കോടതിയില്‍ വ്യാജ കരം തീര്‍ത്ത രസീതും രേഖകളും നല്‍കി പ്രതിക്ക് ജാമ്യമെടുക്കാന്‍ സഹായിച്ച കേസിന്റെ അന്വേഷണത്തെതുടര്‍ന്നാണ് സംസ്ഥാനമാകെ നിരവധി കേസുകളില്‍ പ്രതികളായ തട്ടിപ്പ് സംഘത്തെ പിടികൂടാനായത്.

ജില്ലാ റൂറല്‍ പോലീസ് മേധാവിയുടെ നേതൃത്ത്വത്തിലായിരുന്നു അന്വേഷണം, പിടിയിലായ സംഘത്തില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. നെടുമങ്ങാട് സ്വദേശി സെയ്ദലി, പട്ടം സ്വദേശി രാജ്കുമാര്‍, കരമന സ്വദേശി മണികണ്ഠന്‍, മണക്കാട് സ്വദേശി സുധീഷ്കുമാര്‍, കറക്കട സ്വദേശിനി കുമാരി, അയിരൂര്‍ സ്വദേശിനി അശ്വതി, കരമന സ്വദേശിനി വാസന്തി, എന്നിവരാണ് പിടിയിലായത്.

പിടിയിലായവരില്‍ അഭിഭാഷകര്‍ തങ്ങളുടെ കക്ഷികളുടെ ജാമ്യത്തിനായി നിര്‍ത്തുന്ന ഇടനിലക്കാരും ഉള്‍പ്പെടും. പ്രതികളില്‍നിന്നും നൂറോളം വ്യാജകരം തീര്‍ത്ത രസീതുകളും മുദ്രപത്രങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന അച്ചുകളും വിവിധ സര്‍ക്കാര്‍ ഓഫീസുകളുടെ വ്യാജ സീലുകളും അന്വേഷണസംഘം പിടിച്ചെടുത്തു. 

ഇവരുടെ കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.