Latest News

യുവതികളുടെ അക്രമത്തിനിരയായ ടാക്‌സി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

കൊച്ചി: യുവതികളുടെ ആക്രമണത്തിന് ഇരയായ യൂബര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയില്‍ മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ടാക്സി ഡ്രൈവറായ ഷെഫീഖിനെതിരെയാണ് പോലീസ് നടപടി.[www.malabarflash.com]

കഴിഞ്ഞദിവസം വൈറ്റില ജങ്ഷനില്‍വച്ചാണ് കുമ്പളം സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ താനത്ത് വീട്ടില്‍ ഷെഫീഖിന് മര്‍ദ്ദനമേറ്റത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മര്‍ദ്ദനത്തെതുടര്‍ന്ന് യുവതികള്‍ക്കെതിരെ കേസെടുത്ത് വിട്ടയക്കുകയായിരുന്നു.

ഷെയര്‍ ടാക്‌സി വിളിച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനൊടുവിലായിരുന്നു യുവതികളുടെ മര്‍ദ്ദനം. എന്നാല്‍ ഡ്രൈവര്‍ തങ്ങളെ അസഭ്യം പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് യുവതികളുടെ വാദം. ഡ്രൈവര്‍ ഫോണ്‍ചെയ്ത് വിളിച്ചുവരുത്തിയ ആളുകളാണ് തങ്ങളെ തടഞ്ഞുവച്ചതെന്നും യുവതികള്‍ ആരോപിച്ചിരുന്നു.

സംഭവത്തില്‍ പ്രതിയായ യുവതികളില്‍ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷെഫീഖിനെതിരെ കേസെടുത്തിരിക്കുന്നത്. ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും, സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. ഷെഫീഖിനെതിരെയുള്ളത് നിയമാനുസൃത നടപടി മാത്രമാണെന്നാണ് പോലീസിന്റെ വിശദീകരണം.

സ്ത്രീകള്‍ കാറില്‍ കയറിയപ്പോള്‍ തന്നെ ബഹളം വയ്ക്കാന്‍ തുടങ്ങിയിരുന്നെന്നും ഇവര്‍ മദ്യലഹരിയിലായിരുന്നെന്നും ഷെഫീഖ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പോകേണ്ട സ്ഥലത്തെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായപ്പോള്‍ അക്രമാസക്തരായ സ്ത്രീകള്‍ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും തലയിലും മുഖത്തും മര്‍ദ്ദിക്കുകയുമായിരുന്നെന്നുമായിരുന്നു ഇയാള്‍ നല്‍കിയ പരാതി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.