Latest News

ചാലക്കുടി കൊലപാതകം: ക്വട്ടേഷന്‍ നല്‍കിയത് കൊച്ചിയിലെ പ്രമുഖ അഭിഭാഷകൻ

തൃശൂർ: ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. അങ്കമാലി നായത്തോട് വീരംപറമ്പിൽ രാജീവനാണ് (43) കൊല്ലപ്പെട്ടത്. കൊല നടത്തിയ മൂന്നംഗസംഘത്തെ പോലീസ് പിടികൂടി.[www.malabarflash.com] 

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. കൊച്ചിയിലെ പ്രമുഖ അഭിഭാഷകനാണ് കൊല നടത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിവരം. വസ്തു ഇടപാടിനായി അഡ്വാന്‍സായി നല്‍കിയ തുക തിരിച്ചുകിട്ടാത്തതാണ് കൊലയ്ക്ക് കാരണമായതെന്നും പോലീസ് കണ്ടെത്തി.

പരിയാരം തവളപ്പാറയിൽ എസ്ഡി കോൺവെന്റിന്റെ കെട്ടിടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പരിയാരത്ത് തോട്ടം പാട്ടത്തിനെടുത്തു കൃഷി നടത്തി വരികയായിരുന്നു രാജീവൻ. പാട്ടത്തിനെടുത്ത തോട്ടത്തിലേക്കുള്ള വഴിയിൽനിന്ന് ഇയാളുടെ സ്കൂട്ടറും കുടയും മൂന്നു പേരുടെ ചെരിപ്പുകളും കണ്ടെടുത്തിരുന്നു.

സ്ഥലത്തു ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തി. ഈ ഭാഗത്തുവച്ച് രാജീവനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം എസ്ഡി കോൺവെന്റിന്റെ ഒഴിഞ്ഞു കിടന്ന കെട്ടിടത്തിൽ മൃതദേഹം ഒളിപ്പിച്ചതായാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ പിടികൂടിയത്. എസ്പി സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെ പ്രതിയുടേതെന്നു സംശയിക്കുന്ന മൊബൈൽ ഫോണും കണ്ടത്തി. രാജീവന്റെ റിയൽ എസ്റ്റേറ്റു ബിസിനസിലെ പങ്കാളികളെ കേന്ദ്രീകരിച്ചാണു പൊലീസ് അന്വേഷണം നടത്തുന്നത്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

ഒഴിഞ്ഞ കെട്ടിടത്തിൽ ആളനക്കം കേട്ടതിനെത്തുടർന്നു സമീപവാസി സ്ഥലത്തെത്തിയപ്പോൾ മദ്യപിച്ചു ലക്കുകെട്ട നിലയിൽ ഒരാളെ കണ്ടെത്തിയിരുന്നു. സമീപവാസിയെ കണ്ടയുടൻ അയാൾ ആക്രോശിച്ചു പുറത്താക്കി. സംശയം തോന്നിയ സമീപവാസി നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പായകൊണ്ടു ശ്വാസം മുട്ടിച്ചുകൊന്ന നിലയിലായിരുന്നു രാജീവന്റെ മൃതദേഹം കണ്ടെത്തിയത്.

നേരത്തെ, രാജീവനെ കാണാനില്ലെന്ന് കാണിച്ചു മകൻ പോലീസിൽ പരാതി നൽകിയിരുന്നു. എസ്പി യതീഷ് ചന്ദ്ര, ഡിവൈഎസ്പി സി.എസ്. ഷാഹുൽ ഹമീദ്, സിഐ വിസ് ഷാജു, എസ്ഐ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.