Latest News

അത്താഴത്തിൽ ഉറക്കഗുളിക കലർത്തി അനാഥാലയത്തിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചു

ഷിംല: ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനാഥാലയത്തിലെ പെണ്‍കുട്ടികളെ ജീവനക്കാര്‍ ലൈംഗികചൂഷണത്തിന് വിധേയരാക്കി.[www.malabarflash.com] 

ചമ്പാ ജില്ലയിലെ ചില്ലി ഗ്രാമത്തിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനാഥാലയം- ബാലികാശ്രമത്തിലെ പെണ്‍കുട്ടികളെയാണ് ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ബാലികാശ്രമത്തിലെ ക്ലര്‍ക്ക്, പാചകക്കാരന്‍, ശുചീകരണത്തൊഴിലാളി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പീഡന വിവരം പുറത്തെത്തിയത്. തുടര്‍ന്ന് അഞ്ച് പെണ്‍കുട്ടികള്‍ കൂടി പരാതിയുമായി രംഗത്തെത്തുകയായിരുന്നു. 11 നും 18 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് പരാതി നല്‍കിയിരുക്കുന്നത്. അത്താഴത്തില്‍ ഉറക്കമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതി.

"അത്താഴത്തിനു ശേഷം ഉടന്‍തന്നെ ഉറക്കം വരികയും അടുത്തദിവസം പുലര്‍ച്ചെ വരെ ക്ഷീണം അനുഭവപ്പെടുകയും ചെയ്തു" എന്ന് പെണ്‍കുട്ടികൾ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആറു പെണ്‍കുട്ടികളെയും ബുധനാഴ്ച വൈദ്യപരിശോധനക്ക് വിധേയരാക്കി. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ബാലികാശ്രമത്തിലെ 33 അന്തേവാസികളെ കൗണ്‍സിലിങ്ങിന് വിധേയരാക്കി.

അനാഥാലയത്തിലെ മൂന്ന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒരു ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. സംഭവത്തെ തുടര്‍ന്ന്, ചമ്പാ ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് മോക്ത അനാഥാലയത്തിലെ പുരുഷജീവനക്കാരെ മാറ്റുകയും വനിതാജീവനക്കാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.