Latest News

ആഭരണമാക്കാനേല്‍പ്പിച്ച 80 ഗ്രാം സ്വര്‍ണവുമായി ബംഗാള്‍ സ്വദേശി മുങ്ങി

കാസര്‍കോട്: ജ്വല്ലറിവര്‍ക്‌സില്‍ ആഭരണമാക്കാനേല്‍പ്പിച്ച 80 ഗ്രാം സ്വര്‍ണവുമായി ജീവനക്കാരനായ ബംഗാള്‍ സ്വദേശി മുങ്ങി.
ചെങ്കള നാലാംമൈല്‍ തൈവളപ്പിലെ അബ്ദുല്ലയുടെ ഉടമസ്ഥതയിലുളള വിസ്ഡം ജ്വല്ലറി വര്‍ക്‌സില്‍ നിന്നാണ് 80 ഗ്രാം സ്വര്‍ണം മോഷ്ടിച്ചത്.[www.malabarflash.com]

അബ്ദുല്ലയുടെ പരാതിയില്‍ ബംഗാള്‍ സ്വദേശി ബാബര്‍ മണ്ഡലിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
ഉരുക്കി ആഭരണമാക്കുന്നതിനായി ജ്വല്ലറിവര്‍ക്‌സില്‍ ഏല്‍പ്പിച്ച 80 ഗ്രാം സ്വര്‍ണവുമായി ബാബര്‍ മണ്ഡല്‍ സെപ്തംബര്‍ മൂന്നിനാണ് സ്ഥാപനത്തില്‍ നിന്നും മുങ്ങിയത്. ഉടമ തൈവളപ്പില്‍ അബ്ദുല്ല ബാബറിനെ അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഇയാളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇതോടെ കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ട ഉടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബാബറിന്റെ കുടുംബം ബംഗാളില്‍ തന്നെയാണ്. സ്വര്‍ണം മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം തുടങ്ങി. ബാബര്‍ ബംഗാളിലേക്ക് കടന്നിരിക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. 

ബംഗാള്‍ പോലീസുമായി ബന്ധപ്പെട്ട് ബാബറിന്റെ മുഴുവന്‍ വിവരങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്. ബാബര്‍ മുമ്പ് മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.