കാഞ്ഞങ്ങാട്: ദേശീയപാത ആറങ്ങാടിയില്‍ അര്‍ധരാത്രിയില്‍ പ്രത്യക്ഷപ്പെട്ട 'യുവതി' മണിക്കൂറുകളോളം നാട്ടുകാരുടെ ഉറക്കം കെടുത്തി. ഒടുവില്‍ ആറങ്ങാടി- അരയിക്കടവ് പ്രദേശത്തെ വീടരികില്‍ ഇരുട്ടില്‍ ഒളിച്ചിരുന്ന യുവതിയെ കയ്യോടെ പിടികൂടിയപ്പോള്‍ നാട്ടുകാര്‍ അമ്പരക്കുകയും ചെയ്തു.[www.malabarflash.com]
ചൊവ്വാഴ്ച അര്‍ധരാത്രിയിലാണ് ആറങ്ങാടി ദേശീയപാതയോരത്ത് യുവതിയുടെ രംഗപ്രവേശം.
തീരദേശത്ത് നടന്ന മതപ്രഭാഷണ പരിപാടി കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന യുവാക്കളാണ് ആറങ്ങാടിയില്‍ തീര്‍ത്തും അസമയത്ത് അത്യന്തം ദുരൂഹമായി യുവതിയെ കണ്ടത്. നട്ടപ്പാതിരാ നേരത്ത് ആറങ്ങാടിയില്‍ നിന്നും കിഴക്കോട്ട് അരയിക്കടവ് റോഡിലേക്ക് അതിവേഗം നടന്നുപോകുന്ന യുവതിയെ കണ്ടപ്പോള്‍ സംശയം തോന്നിയ യുവാക്കള്‍ യുവതിയെ പിന്തുടര്‍ന്നു. അരയിക്കടവ് റോഡിലെത്തിയപ്പോള്‍ പൊടുന്നനെ ചൂരിദാര്‍ വേഷധാരി അപ്രത്യക്ഷമാവുകയും ചെയ്തു.
യുവതിയെ കണ്ട യുവാക്കള്‍ പരിസരവാസികളെ വിളിച്ചു കൂട്ടി ആരംഭിച്ച തിരച്ചിലിനൊടുവില്‍ ചൂരിദാര്‍ വേഷധാരിയെ അരയിക്കടവ് റോഡിലെ ചില വീട്ടു പരിസരത്ത് വെച്ച് പിടികൂടുകയും ചെയ്തു. അപ്പോഴേക്കും സമയം പുലര്‍ച്ചെ 3 മണി കഴിഞ്ഞിരുന്നു.
മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലേക്ക് അപെക്‌സ് പെയ്ന്റുകളുമായി പോകുകയായിരുന്ന എംഎച്ച് 11 എഎല്‍-8502 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവര്‍ മഹാരാഷ്ട്ര സ്വദേശിയായ യുവാവാണ് ചൂരിദാര്‍ വേഷത്തില്‍ അര്‍ധരാത്രിയില്‍ നാട്ടുകാരുടെ പിടിയിലായത്. ലോറി ആറങ്ങാടി ദേശീയപാതക്കരികില്‍ നിര്‍ത്തിയിട്ടാണ് വേഷം മാറ്റി യുവാവ് സ്ത്രീയായി പ്രത്യക്ഷപ്പെട്ടത്. അരയിക്കടവ് റോഡിലെ വീടുകളായിരുന്നു യുവാവിന്റെ ലക്ഷ്യം. കവര്‍ച്ചയാണ് ഉദ്ദേശമെന്നും സംശയമുണ്ട്.
ലോറിയുടെ മുന്‍വശത്തും പിറകിലുമുള്ള നമ്പര്‍പ്ലേറ്റില്‍ നിന്നും എട്ട് എന്ന ആദ്യ അക്കം ചുരണ്ടി മൂന്നാക്കി മാറ്റിയ നിലയിലായിരുന്നു.
നാട്ടുകാര്‍ വളഞ്ഞുപിടിച്ച ഇയാളെ പുലര്‍ച്ചെ തന്നെ ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറി.
നാട്ടുകാര്‍ വളഞ്ഞുപിടിച്ച ഇയാളെ പുലര്‍ച്ചെ തന്നെ ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറി.
പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ ദേശീയപാതക്കരികില്‍ കാണുന്ന വീടുകളില്‍ കവര്‍ച്ച നടത്തുന്ന വന്‍ കവര്‍ച്ചാ സംഘത്തിലെ കണ്ണിയാണ് ഇപ്പോള്‍ നാട്ടുകാരുടെ പിടിയിലായ ഡ്രൈവറെന്ന് ഉറപ്പായിട്ടുണ്ട്. ലോറിയില്‍ നിന്ന് ഒട്ടേറെ ചൂരിദാറുകള്‍ ഉള്‍പ്പെടെ നിരവധി സ്ത്രീ വേഷങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ലോറിയുടെ നമ്പര്‍ വികൃതമാക്കിവെച്ചതിന് പിന്നിലും ഒരിക്കലും പിടിക്കപ്പെടാതിരിക്കാനുള്ള മുന്നൊരുക്കമാണെന്നും വ്യക്തമായിട്ടുണ്ട്.
No comments:
Post a Comment