Latest News

കണ്ണൂര്‍ സ്വദേശിയായ ഹോട്ടല്‍ നടത്തിപ്പുകാരന്‍ പുണെയില്‍ അടിയേറ്റു മരിച്ചു

പുണെ: മലയാളിയായ ഹോട്ടല്‍ നടത്തിപ്പുകാരന്‍ മഹാരാഷ്ട്രയിലെ പുണെയില്‍ അടിയേറ്റു മരിച്ചു. കണ്ണൂര്‍ പരലശേരി സ്വദേശി അബ്ദുല്‍ അസീസാണു മരിച്ചത്.[www.malabarflash.com]

സംഭവത്തിനു പിന്നില്‍ ഹോട്ടലിരിക്കുന്ന സ്ഥലത്തിന്റെ ഉടമയാണെന്നും ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും ആവശ്യപ്പെട്ട് അസീസിന്റെ കുടുംബവും മലയാളി സംഘടനാ പ്രവര്‍ത്തകരും രംഗത്തെത്തി.
പുണെയിലെ ശിവാപൂരില്‍ കഴിഞ്ഞ 40 വര്‍ഷമായി സാഗര്‍ എന്ന ഹോട്ടല്‍ നടത്തിവരികയായിരുന്നു അബ്ദുല്‍ അസീസ്. 99 വര്‍ഷത്തെ പാട്ടത്തിനു സ്ഥലമെടുത്തു ഹോട്ടല്‍ നടത്തിവരികയായിരുന്നു. 

എന്നാല്‍, സ്ഥലമുടമ ഹോട്ടല്‍ വിട്ടുതരണമെന്നാവശ്യപ്പെട്ടു നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നതായി അസീസിന്റെ കുടുംബം പറയുന്നു. സ്ഥലമുടമ സഞ്ജയ് കോണ്ടെയുമായി ഇക്കാര്യത്തില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായുണ്ടായ സംഘര്‍ഷമാണ് അസീസിന്റെ മരണത്തില്‍ കലാശിച്ചതെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. ഹോട്ടലിലെത്തിയ സഞ്ജയ് കോണ്ടെ അസീസിനെ മര്‍ദിച്ചതായും നിലത്തിട്ടു ചവിട്ടിയതായും അസീസിന്റെ മകന്‍ റയീസ് പറഞ്ഞു.
സഞ്ജയ് കോണ്ടെയ്‌ക്കെതിരെ കൊലപാതകത്തിനു കേസെടുക്കണമെന്നു സ്ഥലത്തെ മലയാളിസംഘടനാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍, പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം, പുണെ സസൂണ്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതനുസരിച്ചായിരിക്കും പുനര്‍നടപടികള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.