Latest News

കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വിയുടെ സഹോദരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

ലക്നൗ: കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വിയുടെ സഹോദരി ഫര്‍ഹത് നഖ്‍വിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ചൗക്കി ചൗഹാരയില്‍ വെച്ചാണ് ഒരുസംഘം ആളുകള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് ഫര്‍ഹത് ആരോപിച്ചു.[www.malabarflash.com]

പോലീസ് സുപ്രണ്ടിനെ സന്ദര്‍ശിച്ച് മടങ്ങിവരുമ്പോഴാണ് സംഭവം നടന്നത്. “ഞാന്‍ റോഡിന്റെ ഒരു വശത്തായി നില്‍ക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു കാര്‍ എന്റെ അടുക്കല്‍ നിര്‍ത്തുകയും കുറച്ചുപേര്‍ എന്നെ കാറിലേക്ക് വലിച്ച് കയറ്റാനും ശ്രമിച്ചു”, ഫര്‍ഹത് പറഞ്ഞു. എന്നാല്‍ കൂടെ ഉണ്ടായിരുന്ന സ്ത്രീകളുടെ അവസരോചിതമായ ഇടപെടലിലാണ് താന്‍ രക്ഷപ്പെട്ടതെന്നും ഫര്‍ഹത് പറയുന്നു.

ഏറെ തിരക്കേറിയ സ്ഥലമായ ചൗക്കി ചൗരാഹയില്‍ ഒരു വനിതാ പോലീസ് സ്റ്റേഷനും ഡിവിഷണല്‍ കമ്മീഷറുടെ ഓഫീസും സ്ഥിതി ചെയ്യുന്നുണ്ട്. കാറിന്റെ ഡ്രൈവര്‍ പോകും മുമ്പ് “നിന്നെ പിന്നീട് കണ്ടോളാം” എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും കേന്ദ്രമന്ത്രിയുടെ സഹോദരി പോലീസില്‍ പരാതി നല്‍കി.

കാറില്‍ എത്ര പേര്‍ ഉണ്ടായിരുന്നുന്നുവെന്നും ഇവര്‍ ആരാണെന്നും തനിക്ക് അറിയില്ലെന്ന് ഫര്‍ഹത് പറഞ്ഞു. കാറിന്റെ നമ്പറും ശ്രദ്ധിച്ചില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. വിവാഹമോചനം നേടിയ സ്ത്രീകള്‍ക്ക് നിയമസഹായം നല്‍കുന്ന സന്നദ്ധ സംഘടന നടത്തുന്നയാളാണ് ഫര്‍ഹത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.