Latest News

പ്രാര്‍ത്ഥനകള്‍ വിഫലമായി; ജോസഫ് മരണത്തിന് കീഴടങ്ങി

ഒടയംചാല്‍: ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പ്രാര്‍ത്ഥനകളെ വിഫലമാക്കി ഒടുവില്‍ ജോസഫ് മരണത്തിന് കീഴടങ്ങി.[www.malabarflash.com]

അര്‍ബുദരോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഒടയംചാലിലെ ഓട്ടോറിക്ഷാ ഡ്രൈവറും എരുമക്കുളത്തെ കൊച്ചിലാട്ട് ചാക്കോ- മേരി ദമ്പതികളുടെ മകനായ സസല്‍ എന്ന കെ ടി ജോസഫാ(37)ണ് തിങ്കളാഴ്ച പുലര്‍ച്ചെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. 

ഏറെക്കാലം തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ജോസഫിനെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശ്വാസകോശത്തിലും അനുബന്ധ അവയവങ്ങളിലും അണുബാധയേറ്റതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയാത്ത നിലയിലായിരുന്നു. 

നിര്‍ധന കുടുംബത്തില്‍പ്പെട്ട ജോസഫിന്റെ ചികിത്സക്ക് വന്‍ തുക വേണ്ടിവന്നതിനാല്‍ സഹപ്രവര്‍ത്തകരും നാട്ടുകാരും വ്യാപാരികളും മറ്റും നല്‍കിയ സാമ്പത്തിക സഹായം കൊണ്ടായിരുന്നു ചികിത്സ തുടര്‍ന്നത്. ജോസഫിന്റെ സഹപ്രവര്‍ത്തകരായ ഒടയംചാലിലെ 42 ഓട്ടോറിക്ഷകള്‍ കാരുണ്യ യാത്ര നടത്തി ഒറ്റ ദിവസം കൊണ്ട് 64,625 രൂപ പിരിച്ചെടുത്ത് നല്‍കിയിരുന്നു.
ആശുപത്രിയില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം ഒടയംചാല്‍ ഓട്ടോറിക്ഷ സ്റ്റാന്റില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഷൈനിയാണ് ഭാര്യ. മക്കള്‍: സ്‌നേഹമോള്‍, സോനമോള്‍. സഹോദരങ്ങള്‍: സനല്‍, സനീഷ്.
യുവാവായ ജോസഫിന്റെ അകാല വേര്‍പാട് ഒടയംചാല്‍ ഗ്രാമത്തെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരിലാഴ്ത്തി. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.