Latest News

മോഷ്ടിച്ച 100 പവന്‍ സ്വര്‍ണ്ണം തിരിച്ച് കൊടുത്ത് കള്ളന്‍

മംഗലുരു: മോഷ്ടിച്ച മുതല്‍ തിരിച്ച് കൊടുത്ത് കള്ളന്‍, തലേദിവസം മോഷ്ടിച്ച സ്വര്‍ണ്ണം വേണ്ടെന്നുവെച്ച കള്ളന്‍ പിറ്റേന്ന് വീട്ടിന്‍റെ മുറ്റത്തേക്ക് എറിഞ്ഞുകൊടുത്തു. മംഗലാപുരത്ത് നടന്ന ഒരു മോഷണവുമായി ബന്ധപ്പെട്ടാണ് ഈ സംഭവം.[www.malabarflash.com ] 

100 പവന്‍ സ്വര്‍ണ്ണവും 13,000 രൂപയുമായിരുന്നു മോഷ്ടിക്കപ്പെട്ടത്. പിറ്റേന്ന് ബൈക്കില്‍ എത്തിയ കള്ളന്‍ സ്വര്‍ണ്ണം വീട്ടുമുറ്റത്തേക്ക് എറിയുകയായിരുന്നു.ബൈക്കില്‍ എത്തിയ രണ്ടു പേരാണ് പൊതി മുറ്റത്തേക്ക് എറിഞ്ഞതെന്നാണ് വീട്ടുകാര്‍ പോലീസിന് നല്‍കിയ മൊഴി. 

മംഗലുരു അഡുമരോളിയില്‍ ശേഖര്‍ കുന്ദറിന്റെ വീട്ടിലായിരുന്നു ശനിയാഴ്ച പട്ടാപ്പകല്‍ മോഷണം നടന്നത്. ഭാര്യ തിലോത്തമ്മയുടെ സ്വര്‍ണ്ണവും പണവുമാണ് മോഷ്ടിക്കപ്പെട്ടത്. 

മെക്കാനിക്കായ ശേഖര്‍ കുന്ദര്‍ പണിശാലയിലേക്കും ജിയോളജി വകുപ്പ് ജീവനക്കാരിയായ തിലോത്തമ ഓഫീസിലേക്കും പോയ സമയത്ത് പിന്‍ വാതില്‍ തകര്‍ത്തായിരുന്നു മോഷണം നടന്നത്.

കനത്ത മഴയായിരുന്നതിനാല്‍ മോഷണം നടന്നത് അടുത്ത വീട്ടിലെ ആള്‍ക്കാര്‍ അറിഞ്ഞിരുന്നുമില്ല. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം ശേഖറും ഭാര്യയും അറിഞ്ഞത്. പണവും സ്വര്‍ണ്ണവും പോയ ദു:ഖത്തില്‍ രണ്ടു ദിവസം ഇരുന്ന ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. 

എന്നാല്‍ തിങ്കളാഴ്ച ഉച്ച കഴിഞ്ഞപ്പോള്‍ മുറ്റത്ത് എന്തോ വന്നു വീണ ശബ്ദം കേട്ട് വാതില്‍ക്കലേക്ക് ഓടിയെത്തിയ വീട്ടുകാര്‍ കണ്ടത് നഷ്ടമായ സ്വര്‍ണ്ണം ഉള്‍പ്പെട്ട പൊതിയായിരുന്നു. കൂട്ടത്തില്‍ സ്വര്‍ണ്ണം ലോക്കറില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഉപദേശിച്ച് ഒരു കത്തും. അതേസമയം വീട്ടില്‍ നിന്നും എടുത്ത പണം ഇയാള്‍ കൈക്കലാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.