Latest News

കോടിയേരിയുടെ അകമ്പടിവാഹനം മറിഞ്ഞ് പോലീസുകാരന്‍ മരിച്ചു; ഏഴുപേര്‍ക്ക് പരിക്ക്‌

തിരുവല്ല: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തിന് അകമ്പടിപോയ പോലീസ് വാഹനം മറിഞ്ഞ് ഒരു പോലീസുകാരന്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം സിറ്റി എ.ആര്‍.ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ കടയ്ക്കല്‍ ആനപ്പാറ കല്ലുതേരി പദ്മവിലാസത്തില്‍ പി.പ്രവീണ്‍ (32) ആണ് മരിച്ചത്.[www.malabarflash.com]

ജീപ്പ് നിയന്ത്രണംവിട്ട് മൂന്ന് കരണം മറിഞ്ഞശേഷം എതിരേ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഞായറാഴ്ച രണ്ടരയ്ക്ക് പൊടിയാടി ജങ്ഷന് സമീപമുള്ള കൊടുംവളവിലായിരുന്നു അപകടം. 

കറ്റോട്ടുനിന്ന് മാന്നാറിലേക്ക് പോവുകയായിരുന്നു ഓട്ടോ. അതിലുണ്ടായിരുന്ന കറ്റോട് മാന്നാറന്‍ചിറയില്‍ റിജോയുടെ ഭാര്യ നീതു (26), മകന്‍ റിയോണ്‍ (എട്ടുമാസം), ഡ്രൈവര്‍ കറ്റോട് കവിരായി തുണ്ടിയില്‍ കെ.എ.മാത്യു (49) എന്നിവര്‍ക്കും എസ്.ഐ. രാമചന്ദ്രന്‍, സി.പി.ഒ.മാരായ കടയ്ക്കല്‍ പുതുക്കോണം കമലവിലാസത്തില്‍ രാജേഷ് (32), അഭിലാഷ്, ഡ്രൈവര്‍ അഖില്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

എതിരേവന്ന വാഹനത്തില്‍ തട്ടാതിരിക്കാന്‍ വാഹനം വെട്ടിച്ചപ്പോളാണ് നിയന്ത്രണംവിട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. പ്രവീണ്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.

പരുമലയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം ആലപ്പുഴയ്ക്ക് പോവുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചശേഷമാണ് കോടിയേരി മടങ്ങിയത്. മന്ത്രി മാത്യു ടി.തോമസും ആശുപത്രിയിലെത്തി.

പല്ലവിയാണ് പ്രവീണിന്റെ ഭാര്യ. രണ്ടുവയസ്സുള്ള ധ്യാന്‍ മകനും. 

പ്രവീണിന്റെ മരണവാര്‍ത്തയറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാര്യയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയ്ക്കുശേഷം തിരികെ വീട്ടില്‍ കൊണ്ടുവന്നു. പരേതനായ പ്രഭാകരന്‍ പിള്ളയുടെയും ജയകുമാരിയുടെയും മകനാണ് പ്രവീണ്‍. സഹോദരി അശ്വതി. മൃതദേഹം തിങ്കളാഴ്ച രാവിലെ വിലാപയാത്രയായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.