Latest News

വേങ്ങര ഉപതിരഞ്ഞെടുപ്പ്: കെ.എൻ.എ. ഖാദർ മുസ്‌ലിം ലീഗ് സ്ഥാനാർഥി

മലപ്പുറം: കെ.എൻ.എ. ഖാദർ വേങ്ങര ഉപതിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി. പാണക്കാട്ട് രാവിലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിന്റെ തീരുമാനം സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളാണു പ്രഖ്യാപിച്ചത്.[www.malabarflash.com] 

മലപ്പുറം ജില്ലാ സെക്രട്ടറിയാണ് ഖാദർ. 2011ൽ വള്ളിക്കുന്നിൽനിന്നു മത്സരിച്ചു ജയിച്ച അദ്ദേഹത്തിനു കഴിഞ്ഞതവണ പാർട്ടി സീറ്റ് നൽകിയില്ല. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് കെ.എൻ.എ. ഖാദറിനു നറുക്കു വീണത്.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.എ. ലത്തീഫ് സ്ഥാനാർഥിയാകുമെന്ന് അവസാനനിമിഷം അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ലത്തീഫിനെ പാണക്കാട്ടേക്കു വിളിപ്പിച്ചത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു. എന്നാൽ ലീഗ് പാർലമെന്ററി ബോർഡ് കെ.എൻ.എ. ഖാദറിന്റെ പേരാണ് നിർ‌ദ്ദേശിച്ചത്. ഇതേത്തുടർന്ന് ലത്തീഫ് ഖാദറിനുപകരം ലീഗിന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയാകും. പി.എം.എ. സലാം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു.

സ്ഥാനാർഥി നിർണയത്തിൽ ആശയക്കുഴപ്പം ഒന്നുമില്ലായിരുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപിയും സീറ്റു കിട്ടാത്തതിൽ നിരാശയില്ലെന്ന് യു.എ. ലത്തീഫും പ്രതികരിച്ചു.

സ്ഥാനാർഥിയാകാൻ ഏറ്റവുമധികം സാധ്യത കൽപിക്കപ്പെട്ടിരുന്ന മജീദ് ഞായറാഴ്ച വൈകിട്ട് ഹൈദരലി തങ്ങളെ നേരിൽക്കണ്ടാണു താൻ മത്സരിക്കാനില്ലെന്നറിയിച്ചത്. സംഘടനാപരമായി ഏറെ ചുമതലകൾ ഉള്ളതിനാലാണു മത്സരത്തിനിറങ്ങാത്തതെന്ന് അദ്ദേഹം പിന്നീടു പറഞ്ഞു. 

പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് സി.പി. ബാവ ഹാജി, മുൻ എംഎൽഎ അബ്ദുറഹിമാൻ രണ്ടത്താണി എന്നിവരുടെ പേര് ആദ്യഘട്ടത്തിലുയർന്നെങ്കിലും പിന്നീടു മങ്ങി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.