Latest News

ശാസ്ത്രമേളയില്‍ തിളങ്ങി മറുനാടന്‍ വിദ്യാര്‍ഥികള്‍

ബേക്കല്‍: ഉപജില്ലാ ശാസ്ത്രമേള സമാപിച്ചപ്പോള്‍ പുതിയ കണ്ടുപിടിത്തങ്ങളുമായി കുട്ടിശാസ്ത്രജ്ഞര്‍ തിളങ്ങി. എന്നാല്‍ അധികം സ്‌കൂളുകള്‍ക്കൊന്നുമില്ലാത്ത വിജയത്തിന്റെ കഥയാണ് കോട്ടക്കുന്ന് അഗസറഹൊളെ ഗവ. യു.പി. സ്‌കൂളിനു പറയാനുള്ളത്.[www.malabarflash.com]

ശാസ്ത്രമേളയിലെ പ്രവൃത്തിപരിചയമേളയില്‍ മികച്ച വിജയം കൊയ്ത സ്‌കൂളിലെ കുട്ടികളില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്ന് സഹോദരങ്ങളുമുണ്ട് എന്നതാണ് സ്‌കൂളിലെ വിജയത്തിന്റെ മധുരം ഇരട്ടിയാക്കുന്നത്. അമിത് (ഏഴാം ക്ലാസ്), സുമിത് (ആറാം ക്ലാസ്), അജയ് (നാലാം ക്ലാസ്) എന്നിവരാണ് തിളക്കമാര്‍ന്ന വിജയം നേടി ജില്ലാ മത്സരത്തിലേക്ക് യോഗ്യത നേടിയ മിടുക്കന്മാര്‍.

ജോലി ആവശ്യാര്‍ഥം ഉത്തര്‍പ്രദേശിലെ കനോജ് ജില്ലയില്‍നിന്ന് കേരളത്തിലെത്തിയ അവദേശ്-റീന ദമ്പതിമാരുടെ മക്കളാണ് ഇവര്‍. അഞ്ചുവര്‍ഷമായി ബേക്കലില്‍ വാടകക്കെട്ടിടത്തില്‍ താമസിക്കുന്ന ഇവരുടെ പിതാവിന് യന്ത്രമുപയോഗിച്ച് കാട് വെട്ടിത്തെളിക്കുന്ന ജോലിയാണ്. അധ്യാപിക ഗായത്രിയുടെ നേതൃത്വത്തിലാണ് ശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.