Latest News

ഇരിട്ടി നഗരഭരണം തിരിച്ചുപിടിക്കാനുള്ള യു.ഡി.എഫിന്റെ ശ്രമങ്ങള്‍ക്ക് മങ്ങലേറ്റു; രണ്ട് മുസ്ലിം ലീഗ് അംഗങ്ങള്‍ വിമതപക്ഷത്തേക്ക്

ഇരിട്ടി: മുസ്ലിം ലീഗ് ഉളിയില്‍ മേഖലാ കമ്മിറ്റിയില്‍ ഭിന്നത രൂക്ഷമായി. ലീഗില്‍നിന്ന് പുറത്താക്കിയ ഇരിട്ടി നഗരസഭാംഗം എം.പി.അബ്ദുറഹ്മാനെ അനുകൂലിക്കുന്നവര്‍ വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനില്‍ മുസ്ലിം ലീഗ് ഒദ്യോഗിക വിഭാഗത്തിലെ രണ്ട് നഗരസഭാ കൗണ്‍സിലര്‍മാര്‍ കൂടി പങ്കെടുത്തത് ലീഗ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി.[www.malabarflash.com] 

ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നതയാണ് ഇപ്പോള്‍ പിളര്‍പ്പിന്റെ വക്കില്‍ എത്തിനില്‍ക്കുന്നത്. ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത എം.പി.അബ്ദുറഹ്മാനെ പാര്‍ട്ടിയുടെ ഒദ്യോഗികസ്ഥാനത്തുനിന്നും നേരത്തെ പുറത്താക്കിയിരുന്നു.

അബ്ദുറഹ്മാനൊപ്പം വിപ്പ് ലംഘിച്ച പാര്‍ട്ടിയുടെ ഉളിയില്‍ മേഖലയില്‍നിന്നുള്ള രണ്ട് നഗരസഭാംഗങ്ങളായ ഇ.കെ.മറിയം, ടി.കെ.ഷെരീഫ എന്നിവരെ അച്ചടക്കനടപടിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. പാര്‍ട്ടിക്ക് മാപ്പപേക്ഷ നല്‍കിയതിനെത്തുടര്‍ന്നായിരുന്നു നടപടിയില്‍നിന്നൊഴിവാക്കിയത്. ഇവര്‍ രണ്ടുപേരും ഇപ്പോള്‍ എം.പി.അബ്ദുറഹ്മാനെ അനുകൂലിക്കുന്നവര്‍ വെള്ളിയാഴ്ച ഉളിയിലില്‍ വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനില്‍ പങ്കെടുത്തത് നേതൃത്വത്തിന് തിരിച്ചടിയായി. 

ഇതോെടാപ്പം ഇരിട്ടി നഗരഭരണം തിരിച്ചുപിടിക്കാനുള്ള യു.ഡി.എഫിന്റെ ശ്രമങ്ങള്‍ക്ക് മങ്ങലേറ്റു. ലീഗ് കൂട്ടായ്മ എന്ന പേരില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. വിപ്പ് ലംഘിച്ച അബ്ദുറഹ്മാനെ നഗരസഭാ കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് കമ്മിഷന്‍ നേരത്തെ അയോഗ്യനാക്കിയിരുന്നു. ഇതിനെതിരെ അബ്ദുറഹ്മാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് കമ്മിഷന്‍ വിധി സ്റ്റേ ചെയ്തിരിക്കുകയാണ്.

33 അംഗ ഇരിട്ടി നഗരസഭയില്‍ യു.ഡി.എഫിന് പതിനഞ്ചും എല്‍.ഡി.എഫിന് പതിമൂന്നും ബി.ജെ.പി.ക്ക് അഞ്ച് അംഗങ്ങളുമാണ് ഉള്ളത്. ചെയര്‍മാന്‍സ്ഥാനം കോണ്‍ഗ്രസിന് നല്‍കാനുള്ള ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് എം.പി.അബ്ദുറഹ്മാനും അദ്ദേഹത്തെ അനുകൂലിക്കുന്ന രണ്ട് വനിതാഅംഗങ്ങളും ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നത്. ഇതോടെയാണ് 13 അംഗങ്ങളുടെ പിന്തുണമാത്രമുള്ള എല്‍.ഡി.എഫി.ന്റെ പി.പി.അശോകനെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. 

ലീഗീലെ ഭിന്നതകാരണം യു.ഡി.എഫിന് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ചെയര്‍മാനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ പോലും കഴിഞ്ഞിട്ടില്ല.





അബ്ദുറഹ്മാനെ അയോഗ്യനാക്കിയിട്ടും രണ്ട് വനിതാ അംഗങ്ങളെ കൂടെനിര്‍ത്താന്‍ കഴിയാത്തത് ലീഗ് നേതൃത്വത്തിന് വലിയ ആഘാതമായി. നേതൃത്വത്തിന്റെ പിടിപ്പുകേട്മൂലം ലീഗിന്റെ ശക്തികേന്ദ്രമായ ഉളിയില്‍ പ്രദേശത്തെ പാര്‍ട്ടിയുടെ തകര്‍ച്ച തടയുന്നതിനുവേണ്ടിയാണ് കണ്‍വെന്‍ഷന്‍ ചേര്‍ന്നതെന്നാണ് അബ്ദുറഹ്മാനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇവരുടെ കൂട്ടായ്മ മുതിര്‍ന്ന ലീഗ് നേതാവ് കെ.പി.മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ടി.കെ.മായന്‍ അധ്യക്ഷതവഹിച്ചു. നഗരസഭാംഗങ്ങളായ എം.പി.അബ്ദുറഹ്മാന്‍, ഇ.െക.മറിയം ടീച്ചര്‍, ടി.കെ.ഷരീഫ, മറ്റു നേതാക്കളായ കെ.പി.ഹംസ മാസ്റ്റര്‍, വി.എം.ഖാലിദ്, എം.മുഹമ്മദലി, എം.മുഹമ്മദ്, കെ.കെ.ഹര്‍ഷാദ്, പി.പി.അബ്ദുള്ള, മംഗലക്കുന്നോന്‍ അലി എന്നിവര്‍ പ്രസംഗിച്ചു. വിമതവിഭാഗം ഉപ്പി സാഹിബ് സാംസ്‌കാരിക കേന്ദ്രവും തുറന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.