Latest News

നീലേശ്വരത്ത്‌ ബസുകള്‍ക്കു നേരെ കല്ലേറ്‌; ബി ജെ പി – സി പി എം സംഘര്‍ഷം

നീലേശ്വരം: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന ജനരക്ഷാ മാര്‍ച്ചിന്റെ ഉദ്‌ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന ബി ജെ പി പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസുകള്‍ക്കു നേരെ കല്ലേറ്‌. ചൊവ്വാഴ്ച രാവിലെ നീലേശ്വരം, പള്ളിക്കര റെയില്‍വെ ഗേറ്റിനു സമീപത്താണ്‌ കല്ലേറുണ്ടായത്‌. [www.malabarflash.com]

രണ്ടു ബസുകളുടെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു.ഇതോടെ പ്രവര്‍ത്തകര്‍ ബസില്‍ നിന്നു ഇറങ്ങി മുദ്രാവാക്യം വിളിച്ചു. പ്രവര്‍ത്തകരെയും കൊണ്ട്‌ പിന്നാലെ എത്തിയ ബസുകള്‍ കൂടി റോഡില്‍ നിര്‍ത്തിയിട്ടതോടെ വലിയ സംഘര്‍ഷ സ്ഥിതി ഉടലെടുത്തു. സ്ഥലത്തേയ്‌ക്ക്‌ കൂടുതല്‍ പോലിസെത്തി പ്രവര്‍ത്തകരെ സമാധാനപ്പെടുത്തി സമ്മേളന സ്ഥലമായ പയ്യന്നൂരിലേയ്‌ക്ക്‌ അയച്ചതോടെയാണ്‌ സംഘര്‍ഷാവസ്ഥ നീങ്ങിയത്‌. 

സമ്മേളനം കഴിഞ്ഞ്‌ മടങ്ങുന്നതിനിടയില്‍ അക്രമം ഉണ്ടായേക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്‌. ഇതു കണക്കിലെടുത്തു സ്ഥലത്ത്‌ വന്‍ പോലിസ്‌ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ദേശീയപാതയിലുടനീളം പോലിസിനെ വിന്യസിപ്പിച്ചിട്ടുണ്ട്‌.

നീലേശ്വരത്ത്‌ തിങ്കളാഴ്ച രാത്രിയും ബി ജെ പി – സി പി എം പ്രവര്‍ത്തകര്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നു. മാര്‍ക്കറ്റ്‌ റോഡ്‌ ജംഗ്‌ഷനില്‍ ഉയര്‍ത്തിയ ബി ജെ പിയുടെ കൊടികളും തോരണങ്ങളും നശിപ്പിച്ചതാണ്‌ സംഘര്‍ഷത്തിനു ഇടയാക്കിയത്‌. 

സംഘര്‍ഷത്തില്‍ ബി ജെ പി പ്രവര്‍ത്തകന്‍ പള്ളിക്കരയിലെ കൃഷ്‌ണകുമാറിനു പരിക്കേറ്റു. മറ്റു രണ്ടു പ്രവര്‍ത്തകര്‍ക്കു നിസാര പരിക്കുമുണ്ടായി. സി പി എം പ്രവര്‍ത്തകനായ കരുവാച്ചേരിയിലെ അനൂപിനും പരിക്കേറ്റു. ഇയാളെ തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍ പോലിസ്‌ സംഘം എത്തി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരെ ലാത്തി വീശി ഓടിച്ചതോടെയാണ്‌ സംഘര്‍ഷം നീങ്ങിയത്‌..

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.