Latest News

ദിലീപ് ജയില്‍ മോചിതനായി; കുടുംബവീട്ടിലെത്തി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച ദിലീപ് ആലുവ സബ്ജയിലില്‍ നിന്നും പുറത്തിറങ്ങി. ഉച്ചയോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. ജയിലിന് പുറത്ത് സഹപ്രവര്‍ത്തകരും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും വന്‍ വരവേല്‍പ്പാണ് ദിലീപിന് ഒരുക്കിയിരുന്നത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചിരുന്നു.[www.malabarflash.com]

ഉച്ചക്ക് ഒന്നേമുക്കാലോടെ വിധി വന്നെങ്കിലും വിധിയുടെ ശരിപകര്‍പ്പ് ആലുവ സബ്ജയിലെത്തിച്ചത് വൈകിട്ട് അഞ്ചുമണി കഴിഞ്ഞാണ്. ദിലീപിന്റെ അഭിഭാഷകനും സഹോദരന്‍ അനൂപും സുഹൃത്തുക്കളും സ്വീകരിക്കാന്‍ വാഹനവുമായി ജയിലിലെത്തി. ആരാധകരുടെ തിരക്ക് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടു നേരിട്ടതോടെ വാഹനം ജയിലിന്റെ കവാടത്തിന് മുന്നിലേക്ക് നിര്‍ത്തി. 5.20 ഓടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ദിലീപ് ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് കൈകൂപ്പിയശേഷം വാഹനത്തില്‍ കയറി.

വന്‍ ജനക്കൂട്ടത്തിന്റെ അകമ്പടിയോടെയാണ് പറവൂര്‍ കവലയിലെ കുടുംബ വീട്ടിലേക്ക് ദിലീപ് യാത്ര തിരിച്ചത്. അഞ്ചരയോടെ ദിലീപ് കുടുംബവീട്ടിലെത്തി. 

85 ദിവസം ജയില്‍ വാസം കഴിഞ്ഞ് തിരിച്ചെത്തിയ നടനെ സ്വീകരിക്കാന്‍ അമ്മയും സഹോദരിയും ഭാര്യയും നടിയുമായ കാവ്യാ മാധവനും നടന്‍ സിദ്ധിക്ക് ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരും തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു. സുഹൃത്തുക്കള്‍ക്ക് കൈകൊടുത്ത ശേഷമാണ് ദിലീപ് വീടിന് അകത്തേക്ക് പോയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.