ദുബൈ: ദുബൈ ആസ്ഥാനമായ ഗോള്‍ഡണ്‍ ഫോര്‍ക്ക് ഹോട്ടല്‍ ആന്‍ഡ് ബേക്കറി സ്ഥാപനം പൂട്ടി മലയാളിയായ ഉടമ മുങ്ങിയതോടെ കാസര്‍കോട്ടുകാരായ ഇരുപതോളം തൊഴിലാളികള്‍ ദുബൈയില്‍ കുടുങ്ങി.[www.malabarflash.com]
ഇവരില്‍ 30 വര്‍ഷം വരെ സര്‍വീസുള്ള പ്രായമേറിയ തൊഴിലാളികളുമുണ്ട്. മൊത്തം 40 മലയാളി തൊഴിലാളികളാണ് ഉമ്മര്‍ ഖുയിയിലെ വാടകകെട്ടിടത്തില്‍ വീടിന് പുറത്തിറങ്ങാന്‍പോലും കഴിയാതെ കിടക്കുന്നത്. തങ്ങളെ നാട്ടിലെത്തിക്കണമെന്നഭ്യര്‍ഥിച്ച് ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയനും വിദേശമന്ത്രി സുഷമ സ്വരാജിനും നിവേദനം നല്‍കിയിട്ടുണ്ട്.
യുഎഇയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ നല്‍കുന്ന സഹായംകൊണ്ടാണ് ഇവര്‍ ദിവസം പുലരുന്നത്.
ചൂട് കൂടിയതിനാല്‍ കടുത്ത ശാരീരികാസ്വസ്ഥതകള്‍ അനുഭവിച്ചാണ് കക്കൂസിന് സമാനമായ മുറിയില്‍ നാല്‍പതോളംപേര്‍ കഴിയുന്നത്. കൂലി കുടിശ്ശിക ലഭിച്ചില്ലെങ്കിലും തങ്ങളെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന അഭ്യര്‍ഥനയാണ് ഇവര്‍ക്കുള്ളത്.
തൃശൂരിലെ സിദ്ധാര്‍ഥന്‍ എന്നയാളാണ് ഹോടലുടമ. ഇയാള്‍ക്ക് തൃശൂരിലും മറ്റും ഹോട്ടല്‍- ബേക്കറി സ്ഥാപനങ്ങളുണ്ടെന്ന് പറയുന്നു. പ്രതിസന്ധിയെ തുടര്‍ന്ന് ദുബൈയിലെ സ്ഥാപനം മുന്നറിയിപ്പില്ലാതെ ഇയാള്‍ പൂട്ടിയിടുകയായിരുന്നു.
കമ്പനി പൂട്ടിയതോടെ ഇവര്‍ താമസിക്കുന്ന വാടകമുറികളും അടച്ചിട്ടു. ഇതോടെ താമസിക്കാന്‍പോലും നിര്‍വാഹമില്ലാത്ത ഇവരെ ഉമര്‍ ഖുയിയിലെ താല്‍കാലിക കെട്ടിടത്തിലേക്ക് സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ട് മാറ്റുകയായിരുന്നു.
പലര്‍ക്കും പിരിയുമ്പോഴുള്ള ആനുകൂല്യങ്ങളും ഇല്ലാതാവുകയാണ്. ലക്ഷങ്ങളാണ് തൊഴിലാളികള്‍ക്ക് ശമ്പളയിനത്തില്‍ മാത്രം കിട്ടാനുള്ളത്. ഇവരില്‍ 35 പേരുടെ വിസ കാലാവധിയും കഴിഞ്ഞു. അതിനാല്‍ ഇവര്‍ക്ക് പുറത്തിറങ്ങാനും കഴിയുന്നില്ല.
സ്വന്തക്കാര്‍ മരിച്ചിട്ടുപോലും നാട്ടിലെത്താന്‍ കഴിയാതെ കണ്ണീര്‍വാര്‍ക്കുകയാണ് മണലാരണ്യത്തില്‍ ഈ പാവങ്ങള്‍.
No comments:
Post a Comment