Latest News

ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ അധ്യാപിക അറസ്റ്റില്‍

കണ്ണൂര്‍: വിവിധ കേസുകളിലായി ഒരു കോടി രൂപയോളം തട്ടിപ്പ് നടത്തിയ അധ്യാപികയെ വളപട്ടണം എസ് ഐ ശ്രീജിത് കൊടേരി അറസ്റ്റ് ചെയ്തു. നാറാത്ത് സ്വദേശിനിയും ഇപ്പോള്‍ കണ്ണൂര്‍ ബല്ലാഡ് റോഡില്‍ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ജ്യോതി എന്ന കെ.എന്‍.ജ്യോതി ലക്ഷ്മി (47)യാണ്  അറസ്റ്റിലായത്.ഇവര്‍ അഴീക്കോട് ഫിഷറീസ് എല്‍ പി സ്‌കൂളിലെ അധ്യാപികയാണ്.[www.malabarflash.com]

2015ല്‍ അഴീക്കോടെ മുകുന്ദന്‍ എന്ന പ്രവാസിയില്‍ നിന്ന് തളിപ്പറമ്പ് പൂവ്വത്തെ സാലി ടോമിയുടെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ സ്ഥലം രണ്ടു പേര്‍ക്കുമായി വാങ്ങാമെന്ന് പറഞ്ഞ് 40 ലക്ഷം രൂപ വാങ്ങി മുങ്ങുകയായിരുന്നു. കതിരൂരില്‍ കുഞ്ഞിക്കണ്ണന്‍ എന്ന വ്യക്തിയുമായി സംയുക്തമായി റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സ് നടത്താമെന്ന് പറഞ്ഞ് 20 ലക്ഷം വാങ്ങി കബളിപ്പിച്ചിരുന്നു. പിന്നീട് ഇതില്‍ മനംനൊന്ത് കുഞ്ഞിക്കണ്ണന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

വളരെയധികം ആഡംബര ജീവിതം നയിക്കുന്ന ജ്യോതിലക്ഷ്മി കേരളത്തിനകത്തും പുറത്തും നിരവധി വിനോദയാത്രകള്‍ നടത്തിയ വകയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പൈസ നല്‍കാനുണ്ടെന്ന് പരാതി ഉണ്ടായിരുന്നു. കാര്‍ വിളിച്ച വകയില്‍ 4 ലക്ഷത്തോളം രൂപ ഡ്രൈവര്‍മാര്‍ക്ക് നല്‍കാനുള്ളതായി കാണിച്ച് ടാക്‌സി ഡ്രൈവര്‍ അയൂബ് കണ്ണൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. 

തളിപ്പറമ്പ് ഭാഗങ്ങളില്‍ നിന്ന് വസ്തു ഇടപാടുമായി ബന്ധപ്പെട്ട് 20 ലക്ഷത്തോളം രൂപയുടെ തട്ടിപ്പും ഇവര്‍ നടത്തിയതായി പരാതിയുണ്ട്.
ഭര്‍ത്താവുമായി വേറിട്ട് താമസിക്കുന്ന ജ്യോതിലക്ഷ്മി തന്റെ എം ബി ബി എസ്സിന് പഠിക്കുന്ന മകള്‍ക്കായി ലക്ഷങ്ങളാണ് ചെലവഴിച്ചിട്ടുള്ളത്. ഇവരെ സംബന്ധിച്ച് മറ്റ് സ്റ്റേഷനുകളിലുമുള്ള പരാതികളും പോലീസ് പരിശോധിച്ച് വരികയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.