കാസര്‍കോട്: രാത്രി കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയെ രണ്ടംഗ സംഘം വാള്‍ വീശി അക്രമിച്ചു. കൈക്ക് പരിക്കേറ്റ വ്യാപാരി ആസ്പത്രിയില്‍ ചികിത്സ തേടി.[www.malabarflash.com]
തായലങ്ങാടി എസ്.ബി.ടി ബാങ്കിന് സമീപം സ്റ്റേഷനറി കട നടത്തുന്ന കുമ്പള ബദ്‌രിയ നഗര്‍ സ്വദേശിയും ബങ്കരക്കുന്ന് കെ.കെ ക്വാട്ടേഴ്‌സില്‍ താമസക്കാരനുമായ സൈനുദ്ദീന്‍(50)ആണ് അക്രമത്തിനിരയായത്.
തിങ്കളാഴ്ച രാത്രി 11 മണിയോടെ കടയടച്ച് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ ബങ്കരക്കുന്നില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ വീടിന് സമീപത്ത് വെച്ചാണ് അക്രമമുണ്ടായത്. സൈനുദ്ദീന്‍ നടന്നുപോകുന്നതും പിന്നാലെ രണ്ടുപേര്‍ ചെല്ലുന്നതും അല്‍പം കഴിഞ്ഞ് ഇവര്‍ തിരിഞ്ഞോടുന്നതും എം.എല്‍.എയുടെ വീട്ടിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
പിന്നില്‍ നിന്ന് നടന്നുവന്ന രണ്ടുപേരില്‍ ഒരാള്‍ തനിക്ക് നേരെ വാള്‍ വീശുകയായിരുന്നുവെന്ന് സൈനുദ്ദീന്‍ പറഞ്ഞു. തടയുന്നതിനിടയിലാണ് കൈക്ക് പരിക്കേറ്റത്. ബഹളംവെച്ച് സമീപത്തെ ഒരു വീട്ടില്‍ അഭയം പ്രാപിച്ചതോടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമികളുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു..
അക്രമമുണ്ടായ വിവരം രാത്രി തിരുവനന്തപുരത്തേക്കുള്ള തീവണ്ടി യാത്രക്കിടെ അറിഞ്ഞ എം.എല്‍.എ അപ്പോള്‍ തന്നെ വിവരം പോലീസിനെ അറിയിച്ചിരുന്നു. അക്രമിസംഘം മുഖംമൂടി ധരിച്ചിരുന്നുവെന്നാണ് കരുതുന്നത്.
അക്രമികളെ ഉടന്‍ പിടികൂടണമെന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്ന വേളകളില്‍ പോലീസ് പ്രത്യേകം ജാഗരൂകരാകണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
No comments:
Post a Comment