Latest News

ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ നുണപ്രചാരണം: ഒരാൾ പിടിയിൽ

കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ നുണപ്രചാരണം നടത്തിയ സംഭവത്തിൽ കൊച്ചിയിൽ ഒരാൾ പിടിയിലായി. ബംഗാളിയായ ഹോട്ടൽ തൊഴിലാളിയെ കൊലപ്പെടുത്തുന്നതു കണ്ടതായി പറഞ്ഞു ഹോട്ടലുകൾതോറും കയറിയിറങ്ങിയ കൊൽക്കത്തക്കാരനായ സുബൈറാണ് കുടുങ്ങിയത്. [www.malabarflash.com]

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഹോട്ടലുകളിൽ ജോലിയെടുക്കുന്ന 40 ശതമാനത്തോളം ഇതര സംസ്ഥാനക്കാർ നുണപ്രചാരണത്തെ തുടർന്നു മടങ്ങിയതായി കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ അറിയിച്ചു.

കലൂർ സ്റ്റേഡിയത്തിനു സമീപത്തു മലയാളികൾ സംഘംചേർന്ന് ഒരു ബംഗാളിയെ തല്ലിക്കൊല്ലുന്നത് താൻ നേരിൽ കണ്ടുവെന്നും ജീവൻ വേണമെങ്കിൽ രാത്രി ട്രെയിനില്‍ നാട്ടിലേക്ക് രക്ഷപ്പെട്ടോളാനും പറഞ്ഞാണ് സുബൈർ കഴിഞ്ഞ ദിവസം എറണാകുളം നഗരത്തിലെ ഹോട്ടലുകൾ കയറിയിറങ്ങിയത്. സംശയം തോന്നി എറണാകുളം സൗത്തിലെ ഒരു ഹോട്ടലിന്റെ നടത്തിപ്പുകാർ തടഞ്ഞുവച്ചു ചോദിച്ചപ്പോൾ വെറും തമാശയാണെന്നായി ‌‌സുബൈറിന്റെ നിലപാട്.

ഹോട്ടലുകളിലും മറ്റും ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരിൽ വലിയൊരു വിഭാഗത്തെ ലക്ഷ്യം വച്ചാണ് ഈ പ്രചാരണം. പരിഭ്രാന്തരായി നാടുവിട്ടോടുന്നവരുടെ എണ്ണം കൂടുകയാണ്. ഹോട്ടലുകാർ പോലീസിനു കൈമാറിയ യുവാവിനെ പക്ഷേ, കുറ്റകരമായൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന നിലപാടിൽ എറണാകുളം സെൻട്രൽ പോലീസ് വിട്ടയച്ചു. അതേസമയം, വ്യാജ പ്രചാരണത്തിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

നുണപ്രചാരണത്തിന് ഉപയോഗിക്കുന്ന വിഡിയോ ദൃശ്യങ്ങളുടെ ഉറവിടം കണ്ടെത്തണമെന്നും ഉത്തദവാദികൾക്കെതിരെ നടപടി വേണമെന്നും ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ ആവശ്യപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.