Latest News

മഖ്ബറകള്‍ക്ക് പ്രാധാന്യമില്ലെന്ന് കെപിഎ മജീദ്; വിവാദമായപ്പോള്‍ വിശദീകരണം

കോഴിക്കോട്: മഖ്ബറകള്‍ക്ക് മതത്തില്‍ പ്രാധാന്യമില്ലെന്നും നാടുകാണി ചുരത്തിലെ മഖ്ബറ തകര്‍ത്തത് തങ്ങള്‍ക്ക് അറിയില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്.[www.malabarflash.com] 

ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ പ്രതികരണത്തിലാണ് മജീദ് സലഫി ആശയം തുറന്നടിച്ചത്. നാടുകാണി ചുരത്തിലെ മുഹമ്മദ് സ്വാലിഹ് മഖാം ശരീഫ് തകര്‍ക്കുകയും തെങ്ങിന്‍തൈ കുഴിച്ചിടുകയും ചെയ്ത സംഭവം സംബന്ധിച്ച ചോദ്യത്തിനായിരുന്നു മജീദിന്റെ മറുപടി. 

സംഭവത്തെ കുറിച്ച് അറിയില്ലെന്നും പരിശോധിക്കാതെ അതേക്കുറിച്ച് പ്രതികരിക്കാനാകില്ലെന്നും പറഞ്ഞ മജീദ് മഖ്ബറകള്‍ക്ക് മതത്തില്‍ യാതൊരു പ്രധാന്യവുമില്ലെന്ന സലഫി ആശയം ഏറ്റുപറയുകയും ചെയ്തു.

പ്രസ്താവന സാമൂഹിക മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയായതോടെ മജീദ് വിശദീകരണവുമായി രംഗത്ത് വന്നു. മഖ്ബറ സാമൂഹിക വിരുദ്ധര്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകവും വാസ്തവ വിരുദ്ധവും ആണെന്നാണ് ഫേസ്ബുക്ക് പേജിലിട്ട കുറിപ്പില്‍ മജീദിന്റെ വിശദീകരണം. 

വിശ്വാസികളുടെ താത്പര്യങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള ഇത്തരം ദുഷ്പ്രവര്‍ത്തനങ്ങള്‍ നാടിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കുമെന്നും കുറിപ്പില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ മജീദ് ഇതേക്കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു.


സലഫികള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ വിഷയത്തില്‍ ചാടിവീണ് പ്രതികരണം നടത്തുന്ന മുസ്ലിം ലീഗ് മഖ്ബറ തകര്‍ത്ത വിഷയത്തില്‍ പ്രതികരിക്കാത്തത് സുന്നികള്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

നാടുകാണിയിലെ മഖ്ബറക്ക് നേരെ നിരന്തരമായി ആക്രമണം നടന്നിട്ടും അതേക്കുറിച്ച് പ്രതികരിക്കാന്‍ ലീഗ് നേതൃത്വം വിമുഖത കാണിക്കുന്നതിനിടയിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി തന്നെ മഖ്ബറകളെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നത്.

സ്വന്തം പാര്‍ട്ടിയില്‍ നേതാക്കളടക്കം വലിയൊരു വിഭാഗം വിവിധ ദര്‍ഗകളുടെ നടത്തിപ്പുകാരായിരിക്കെ മജീദിന്റെ പ്രസ്താവനക്ക് പാര്‍ട്ടിക്ക് അകത്ത് നിന്നും പുറത്ത് നിന്നും ശക്തമായ വിമര്‍ശമാണ് നേരിട്ടത്. ഇതോടെയാണ് ഞായറാഴ്ച വൈകീട്ട് പ്രസ്താവന തിരുത്തി തടിയൂരാന്‍ മജീദ് ശ്രമം നടത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിലമ്പൂര്‍ – ഗൂഢല്ലൂര്‍ അന്തര്‍സംസ്ഥാന പാതയിലെ മഖ്ബറക്ക് നേരെ ആക്രമണം നടന്നത്. മഖ്ബറ പൊളിക്കുകയും അതില്‍ തെങ്ങിന്‍തൈ നടുകയുമായിരുന്നു. 

ഇത് മൂന്നാം തവണയാണ് ഈ മഖ്ബറ ആക്രമിക്കപ്പെടുന്നത്. 2009ലായിരുന്നു ആദ്യ ആക്രമണം. അന്ന് സലഫി പ്രചാരകരായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം കഴിഞ്ഞ മാസം ഒന്‍പതിന് വീണ്ടും ആക്രമണം നടന്നു. ഇതില്‍ അന്വേഷണം തുടരുന്നതിനിടെയാണ് വെള്ളിയാഴ്ചയും ആക്രമണം ഉണ്ടായത്. 

സംഭവത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.