Latest News

‘കുട്ടികളുടെ കൊന്നവരേ; ഇറങ്ങിപ്പോകൂ…’ അന്താരാഷ്ട്ര വേദിയില്‍ ഇസ്രാഈല്‍ പ്രതിനിധിക്കു നേരെ വിരല്‍ചൂണ്ടി കുവൈത്ത് സ്പീക്കര്‍

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ലോക രാജ്യങ്ങളിലെ പാര്‍ലമെന്റ് പ്രതിനിധികള്‍ പങ്കെടുക്കുന്ന ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ (ഐ.പി.യു) യോഗത്തില്‍ ഇസ്രാഈലിനെതിരെ തുറന്നടിച്ച് കുവൈത്ത് പാര്‍ലമെന്ററി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം.[www.malabarflash.com]

ഇസ്രാഈല്‍ തടവിലാക്കിയ ഫലസ്തീനികളെപ്പറ്റിയുള്ള ഐ.പി.യു കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ചര്‍ച്ചക്കിടെയാണ് ഇസ്രാഈല്‍ ഡെപ്യൂട്ടി സ്പീക്കര്‍ നാച്മാന്‍ ഷായ്ക്കു നേരെ വിരല്‍ ചൂണ്ടി മര്‍സൂഖ് അല്‍ ഗാനിം രൂക്ഷ വിമര്‍ശനം നടത്തിയത്.

‘ആദ്യമായി, നിഷ്പക്ഷമായ റിപ്പോര്‍ട്ടിന് ഞാന്‍ കമ്മിറ്റിക്ക് നന്ദി പറയുന്നു. ഭീകരവാദത്തിന്റെ ഏറ്റവും ഭയാനക രൂപമായ ഭരണകൂട ഭീകരതയുടെ പ്രതിനിധിയോട് എനിക്ക് പറയാനുള്ളത്, നാണമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്നാണ്. സാധനങ്ങളെല്ലാം എടുത്ത് ഈ ഹാളില്‍ നിന്ന് നിങ്ങള്‍ പുറത്തു പോകണം. ലോക പാര്‍ലമെന്റുകളുടെ പൊതുവികാരം നിങ്ങള്‍ക്കിവിടെ കാണാം. ഒരല്‍പമെങ്കിലും നാണമുണ്ടെങ്കില്‍ ഇപ്പോള്‍ ഇവിടെ നിന്ന് ഇറങ്ങിപ്പോകണം. കയ്യേറ്റക്കാരേ, കുട്ടികളുടെ ഘാതകരേ…’ – ഗാനിമിന്റെ വാക്കുകള്‍ നിറഞ്ഞ കയ്യടിയോടെയാണ് പാര്‍ലമെന്ററി യൂണിയന്‍ സ്വീകരിച്ചത്.

ഒരു മിനുട്ടില്‍ താഴെയുള്ള അല്‍ ഗാനിമിന്റെ വാക്കുകള്‍ ഇസ്രാഈല്‍ പ്രതിനിധി സംഘത്തെ ഞെട്ടിച്ചു. നാച്മന്‍ ഷായും ലിക്കുഡ് പാര്‍ട്ടി പ്രതിനിധി ഷാറന്‍ ഹാസ്‌കലും അടക്കമുള്ള സംഘം ബാഗെടുത്ത് പുറത്തു പോവുകയും ചെയ്തു.

അല്‍ ഗാനിമിനെ ഫലസ്തീന്‍ നാഷണല്‍ കൗണ്‍സില്‍ പ്രതിനിധി അസ്സാം അല്‍ അഹ്മദ് പ്രശംസിച്ചു. ഫലസ്തീനികള്‍ക്കേറ്റ മുറിവുകള്‍ക്കു മേല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രകാശിക്കുന്നതായി അഹ്മദ് പറഞ്ഞു.

ഫലസ്തീന്‍ പ്രദേശമായ വെസ്റ്റ് ബാങ്കില്‍ അതിക്രമിച്ചു കയറുന്ന ഇസ്രാഈല്‍ സൈനികര്‍ അറബ് വംശജരെ പിടിച്ചു കൊണ്ടുപോയി തടവിലിടുന്നത് സാധാരണമായി മാറിയിരിക്കുകയാണ്. കൊച്ചുകുട്ടികളും വൃദ്ധരുമടക്കം നിരവധി പേരാണ് ഇസ്രാഈലിന്റെ തടവറയിലുള്ളത്. ഇതിനെതിരെ ശക്തമായ അന്താരാഷ്ട്ര പ്രതികരണങ്ങള്‍ ഉയരാറില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.