Latest News

ലാസ് വേഗസില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്: മരണം 50 ആയി

ലാസ് വേഗസ്: അമേരിക്കയിലെ ലാസ് വേഗസിലെ ഹോട്ടലില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. 200 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമേരിക്കയില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ വെടിവെപ്പാണ് ഇത്.[www.malabarflash.com]

ലാസ് വേഗസിലെ മാന്‍ഡലേ ബേ ഹോട്ടലില്‍ തുറന്ന വേദിയില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് അക്രമി വെടിയുതിര്‍ത്തത്. ഹോട്ടലിന്റെ 32ാം നിലയിലായിരുന്നു പരിപാടി നടന്നത്. സ്റ്റീഫന്‍ പെഡ്ഡോക് എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നു. സംഭവ സ്ഥലത്തു നിന്നും ഒട്ടേറെ തോക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഒരാള്‍ മാത്രം നടത്തിയ ആക്രമണമാണ് ഇത്. അക്രമിക്കൊപ്പം എത്തിയതെന്ന് കരുതുന്ന മരിലോ ഡാന്‍ലി എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എത്രപേര്‍ മരിച്ചിട്ടുണ്ടെന്ന് വ്യക്തമായി പറയാന്‍ കഴിയില്ലെന്നും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ പോലീസുകാരാണ്.

അതിനിടെ ലാസ് വേഗസിലെ വിവിധ ഭാഗങ്ങളില്‍ സമാനമായ ആക്രമണങ്ങള്‍ നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കിലും പോലീസ് അവയെല്ലാം നിഷേധിച്ചു. സംഭവത്തേത്തുടര്‍ന്ന് സമീപ പ്രദേശങ്ങളെ ഹോട്ടലുകളെല്ലാം അടച്ചു.

വെടിവെപ്പ് തുടങ്ങിയയുടന്‍ സംഗീതോത്സവത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടാണെന്നാണ് കരുതിയതെന്ന് ദൃസ്സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ലാസ് വേഗസിലെ വിവിധ ഹോട്ടലുകളില്‍ സംഗീത ഉത്സവം നടന്നു വരികയായിരുന്നു.

വെടിവെപ്പിനേ തുടര്‍ന്ന് ലാസ് വേഗസില്‍ സുരക്ഷ കര്‍ശനമാക്കി. മക് കേരന്‍ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ജനങ്ങള്‍ ഹോട്ടലുകളിലും മറ്റും തമ്പടിച്ചിരിക്കുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.