Latest News

ഈ പുഞ്ചിരി രക്ഷകനുള്ള സമ്മാനം; കാണാതായ പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയ പോലീസിന്റെ ചിത്രം വൈറല്‍

ഹൈദരാബാദ്: തണുപ്പ് അരിച്ചു കയറുന്ന പാതവക്കില്‍ അമ്മയുടെ ചൂട് പറ്റി കിടക്കുന്നിടത്തു നിന്നാണ് നാലു മാസം പ്രായമുള്ള കുഞ്ഞിനെ രണ്ട് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുന്നത്. ഉറക്കമെഴുന്നേറ്റപ്പോള്‍ നിസ്സഹായയായി നിലവിളിക്കാന്‍ മാത്രമേ ആ അമ്മയ്ക്കായുള്ളൂ.[www.malabarflash.com]

പക്ഷെ ഹൈ പ്രൊഫൈല്‍ ആളുകള്‍ക്ക് മാത്രമല്ല പാതവക്കിലെ ആരുമില്ലാത്ത ജീവിതങ്ങള്‍ക്കും ആശ്വാസവും രക്ഷയുമാവാന്‍ പോലീസിനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഹൈദരാബാദ് പോലീസ്

ഭിക്ഷാടകയായ ആ അമ്മയുടെ കണ്ണീര്‍ ഹൃദയത്തിലേറ്റി അരയും തലയും മുറുക്കി പോലീസ് ഇറങ്ങിയപ്പോള്‍ വെറും 15 മണിക്കൂര്‍ മാത്രമേ വേണ്ടി വന്നുള്ളൂ ആ പിഞ്ചോമനയെ വീണ്ടെടുക്കാന്‍. പ്രതികളെ അറസ്റ്റ് ചെയ്ത് ആ കുരുന്നിനെ ഏറ്റുവാങ്ങിയപ്പോള്‍ അവന്‍ തന്റെ പല്ലില്ലാത്ത മോണ കാട്ടി പോലീസുദ്യോഗസ്ഥനെ നോക്കി നീട്ടി ചിരിച്ചു.

സര്‍വീസിലെ ഏറ്റവും സംതൃപ്തമായ നിമിഷം ആരോ ഒരാള്‍ കാമറയില്‍ പകര്‍ത്തിയതോടെ ആ നിമിഷം അനശ്വരമായിത്തീരുകയായിരുന്നു. 20000ത്തോളം പേരാണ് ഈ ചിത്രം ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ഷെയര്‍ ചെയ്തത്. ഹൈദരാബാദ് അഡീഷണൽ കമ്മീഷണർ സ്വാതി ലാക്റയാണ് ചിത്രം ട്വിറ്റ് ചെയ്തത്.

ആ നിമിഷം കാമറിയില്‍ പകര്‍ത്തിയാലും ഇല്ലെങ്കിലും അതെന്റെ മനസ്സില്‍ എല്ലാ കാലത്തും നിലനില്‍ക്കുമെന്നാണ് നാമ്പള്ളി പോലീസ് സ്‌റ്റേഷന്‍ എസ് ഐ ആര്‍ സഞ്ജയ് കുമാര്‍ പറഞ്ഞത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്‌
നാമ്പള്ളിയിലെ തെരുവില്‍ ഭിക്ഷ തേടി ജീവിതത്തെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നവളാണ് 21കാരിയായ ഹുമേറാ ബീഗം. ബുധനാഴ്ച്ച പുലര്‍ച്ചെ 4.30ന് ഉറക്കമെണീറ്റപ്പോഴാണ് തന്റെ മകന്‍ ഫൈസാന്‍ഖാനിനെ ആരോ തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്ന് ഹുമേറ തിരിച്ചറിയുന്നത്. ഉടന്‍ തന്നെ അവര്‍ മാമ്പള്ളി പോലീസിന്റെ സഹായം തേടുകയായിരുന്നു.

സിസിടിവി ഫൂട്ടേജ് പരിശോധിച്ചപ്പോഴാണ് 42കാരനായ മുഹമ്മദ് മുഷ്താഖിലേക്കും 25കാരനായ മുഹമ്മദ് യൂസഫിലേക്കും അന്വേഷണം ചെന്നെത്തുന്നത്. മുഷ്താഖിന്റെ ബന്ധുവായ മുഹമ്മദ് ഗൂസിന് ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്ന ആഗ്രഹം മുഷ്താഖിനോട് മുമ്പ് പറ‍ഞ്ഞിരുന്നു. ഇതാണ് ഇരുവരെയും കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

പക്ഷെ കുട്ടിയുടെ രക്ഷിതാക്കളെ കൊണ്ടുവരാത്തതിനാലും സംശയം തോന്നിയതിനാലും ഗൂസ് കുട്ടിയെ സ്വീകരിക്കാനാവില്ലെന്ന നിലപാടെടുക്കുകയായിരുന്നു. കുട്ടിയെ എന്തു ചെയ്യണമെന്നറിയാതെ വീട്ടിലേക്ക് തിരികെ വരുമ്പോഴാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.