Latest News

വാട്‌സ്ആപ്പില്‍ വ്യാജപ്രചാരണം: ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു

കോഴിക്കോട്: മലയാളികള്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നുവെന്ന വ്യാജപ്രചാരണത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു.[www.malabarflash.com]

ഇതുമൂലം ജില്ലയിലെ നൂറു കണക്കിന് ഹോട്ടലുകള്‍ പ്രതിസന്ധിയിലായി. പലരും ഹോട്ടലുകള്‍ അടച്ചുപൂട്ടുകയാണ്. ജില്ലയിലെ മിക്ക ഹോട്ടലുകളിലും ഇതര സംസ്ഥാന തൊഴിലാളികളാണ് കൂടുതലുള്ളത്.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണം തടയണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റാറന്റ് അസോസിയേഷന്‍ ടൗണ്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. 

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വാട്‌സ്ആപ് ഗ്രൂപ് വഴിയാണ് കേരളത്തിനെതിരെ ഇത്തരത്തില്‍ വ്യാജപ്രചാരണം നടക്കുന്നത്.
സംസ്ഥാനത്ത് ആത്മഹത്യചെയ്ത ഇതര സംസ്ഥാന തൊഴിലാളിയുടേത് മുതല്‍ സംസ്ഥാനത്തിന് പുറത്ത് നടന്ന ചില സംഭവങ്ങളുടേതടക്കമുള്ള ചിത്രങ്ങളാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ക്കിടയിലാണ് വ്യാപകമായ രീതിയില്‍ ഇത് പ്രചരിക്കുന്നത്.
സന്ദേശങ്ങള്‍ നാട്ടിലേക്ക് എത്തിയതോടെ മടങ്ങിച്ചെല്ലാന്‍ ആവശ്യപ്പെട്ട ബന്ധുക്കളുടെ ഫോണ്‍വിളികളും നിരന്തരമായി എത്തുന്നതായി ഇതര സംസ്ഥാന തൊഴിലാളികള്‍ പറയുന്നു. രണ്ടു ദിവസത്തിനുള്ളില്‍ കോഴിക്കോട്ടെ ഹോട്ടല്‍ മേഖലയില്‍നിന്ന് മാത്രം 200ല്‍ അധികം തൊഴിലാളികള്‍ മടങ്ങിയതായി ഹോട്ടല്‍ ആന്‍ഡ് റെസ്റ്റാറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.